കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടികജാതിക്കാർക്കായി 1.17 കോടി രൂപയുടെ സഹായധനം കഴിഞ്ഞ സാമ്പത്തികവർഷം വിതരണംചെയ്തു. 96 ഗുണഭോക്താക്കൾക്ക് 72 ലക്ഷം രൂപയുടെ വിവാഹധനസഹായവും ചികിത്സാ ധനസഹായമായി 45,32,800 രൂപയുമാണ് വിതരണം ചെയ്തത്. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന മണ്ഡലതല മോണിറ്ററിംഗ് സമിതി യോഗം ഇക്കാര്യങ്ങൾ വിലയിരുത്തി.
എട്ട് പഞ്ചായത്തുകളിലായി 272 പേർക്കാണ് ചികിത്സാ ധനസഹായം നൽകിയത്. ഭവനരഹിതരായ 20 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നതിനായി 66 ലക്ഷംരൂപ വിതരണംചെയ്തു. നാലുപേർക്ക് വിദേശ തൊഴിൽധനസഹായവും ഒമ്പതുപേർക്ക് മിശ്രവിവാഹ ധനസഹായവും അനുവദിച്ചു. പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിന് ഇരുപതിലധികം പദ്ധതികളും മണ്ഡലത്തിൽ നടപ്പാക്കിയിട്ടുണ്ട്.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് റസീന പരീത്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശ്, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.