ആലുവ: ഗുഡ്‌സ് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് പൊലീസുകാരൻ മാതൃകയായി. ഇന്നലെ രാവിലെ 11.45ഓടെ ആലുവ പാലസിനുസമീപം ഗുഡ്‌സ് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട മാറമ്പിള്ളി ചുള്ളിക്കാട്ടിൽ വീട്ടിൽ കാദർ (63) ആണ് കുഴഞ്ഞുവീണത്.
ഇതേസമയം കർക്കടകവാവ് ബലിയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃപ്പൂണിത്തുറ കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരൻ ആൽഫിറ്റ് ആൻഡ്രൂസാണ് രക്ഷകനായത്.
കാദറിനെ എടുത്ത് മറ്റൊരു ഓട്ടോറിക്ഷയിൽ കയറ്റി ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തടി കയറ്റി വന്ന ഗുഡ്‌സ് ഓട്ടോയിൽ കാദർ തനിച്ചായിരുന്നു. കൃത്യസമയത്ത് കാദറിന് ചികിത്സ ലഭ്യമാക്കിയ പൊലീസുകാരനെ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും അഭിനന്ദിച്ചു. കോട്ടയം പുതുപ്പള്ളി മുരികാട്ട് വീട്ടിൽ ആഡ്രോസിന്റെ മകനായ ആൽഫിറ്റ് അഞ്ച് വർഷമായി തൃപ്പൂണിത്തുറയിലെ പൊലീസ് ക്യാമ്പിലാണ്. കാദറിന്റെ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് മകൻ റസാഖും മകൾ ബീവിയും ആശുപത്രിയിലെത്തി.