മൂവാറ്റുപുഴ: മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളുടെ നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കാൻ നടപടിയാകുന്നു. ഇതിന്റെ ഭാഗമായി നാഷണൽ ഹൈവേ ടെക്നിക്കൽ കമ്മിറ്റി മെമ്പർ ആർ.കെ.പാണ്ഡെ സ്ഥലം സന്ദർശിക്കും. സ്ഥലവില കൂടുതലായതിനാൽ ഭൂമിയേറ്റെടുക്കൽ നടക്കാത്തത് കാരണമാണ് പദ്ധതി വൈകിയത്. ഇതിന് പരിഹാരമായി എലിവേറ്റഡ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി നിർദ്ദേശം നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.

കുമളി-മുണ്ടക്കയം എൻ.എച്ച് 183ന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. പഴനി-ശബരിമല പദ്ധതിയുടെയും വിജയപുരം - ഊന്നുകൽ പദ്ധതിയുടെയും അലൈൻമെന്റുകളിൽ സാധ്യതാ പഠനത്തിന് ഗഡ്കരി നിർദ്ദേശിച്ചതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.