വൈപ്പിൻ: കർക്കടക വാവിനോടനുബന്ധിച്ച് വൈപ്പിൻ കരയിലെ ക്ഷേത്രങ്ങളിലും ബീച്ചുകളിലും നടന്ന ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. നിലവിളക്കിന് മുന്നിൽ ഇലയിട്ട് പച്ചരിയും എള്ളും പുഷ്പങ്ങളും നിരത്തി പിതൃക്കളെ സ്മരിച്ചാണ് ബലിതർപ്പണം നടത്തിയത്.

ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ മേൽശാന്തി എം.ജി.രാമചന്ദ്രന്റെ കാർമ്മികത്വത്തിൽ രാവിലെ 5.30ന് ആരംഭിച്ച പിതൃതർപ്പണം 10 മണിവരെ നീണ്ടു. അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിൽ സത്യൻശാന്തിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പള്ളത്താംകുളങ്ങര ബീച്ചിൽ വേദവ്യാസ വംശോദ്ധാരിണി സഭയുടെ നേതൃത്വത്തിൽ സിനോജ് ശാന്തിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. തിരുമനാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി അനിൽകുമാർ, ചെറായി നെടിയറ ക്ഷേത്രത്തിൽ മേൽശാന്തി സുനി, ചെറായി വാരിശ്ശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ അഴീക്കോട് കണ്ണൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.
ഞാറക്കൽ ശക്തിധര ക്ഷേത്രം, ഓച്ചന്തുരുത്ത് ദണ്ടപാണി ക്ഷേത്രം, പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രം, ചെറായി എലിഞ്ഞാംകുളം ബാലഭദ്ര ഭഗവതി ക്ഷേത്രം, അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടത്തി.