haneefa

മൂവാറ്റുപുഴ: സ്നേഹത്തണലിലേക്ക് പറന്നിറങ്ങാൻ പക്ഷികൾക്ക് ഇഷ്ടമാണ്. സ്നേഹത്തിന്റെ തേനുംതിനയും തേടി ആകാശത്തെപോലും മറന്ന് അവ പറന്നെത്തും. മൂവാറ്റുപുഴയിൽ ഉന്തുവണ്ടിയിൽ കടലക്കച്ചവടം നടത്തുന്ന മുഹമ്മദ് ഹനീഫയും പ്രാവുകളും തമ്മിലെ ചങ്ങാത്തം അത്തരത്തിലൊന്നാണ്.

മൂവാറ്റുപുഴ വെള്ളൂർകുന്നത്തെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് പ്രാവുകളുടെ അന്നദാതാവാണ് വെള്ളൂർകുന്നം മസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് ഹനീഫ. കഴിഞ്ഞ അഞ്ച് വർഷമായി പ്രാവുകൾക്ക് എല്ലാ ദിവസവും കൃത്യസമയത്ത് തീറ്റകൊടുക്കുന്നു ഹനീഫ. വെള്ളൂർകുന്നം തക്‌വ മസ്ജിദ് പരിസരത്ത് നിന്ന് കടലക്കച്ചവടം ആരംഭിക്കുന്ന ഹനീഫ രാവിലെ മസ്ജിദിലെ പ്രാവുകൾക്ക് തീറ്റ നൽകും. വൈകിട്ട് മൂന്ന് മണിയാകുന്നതോടെ ഹനീഫയെയും കാത്ത് പ്രാവുകൾ കൂട്ടമായിയെത്തും. വെള്ളൂർകുന്നത്തും പരിസര പ്രദേശങ്ങളിലുമുള്ള പ്രാവുകൾ ഹനീഫയുടെ കടല വണ്ടിക്ക് ചുറ്റും വട്ടമിട്ട് പറക്കും. അപ്പോൾ വണ്ടിയിൽ സൂക്ഷിച്ചിരിക്കുന്ന അരിയും ഗോതമ്പും ഹനീഫ പ്രാവുകൾക്ക് മുന്നിൽ വിതറും. പ്രാവുകളും ഹനീഫയും തമ്മിലെ ചങ്ങാത്തം നാട്ടുകാർക്കും കൗതുകകരമായ കാഴ്ചചയാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കുമ്പോൾ പക്ഷികൾ ഭക്ഷണം ലഭിക്കാതെ പട്ടിണിയിലായിരുന്നു. ഇൗ സമയത്താണ് ഹനീഫയും പക്ഷികളും തമ്മിലെ സൗഹൃദം ശക്തമായത്. അതിപ്പോഴും മുറിയാതെ തുടരുന്നു.