കൊച്ചി: മനുഷ്യവിഭവശേഷി (എച്ച്.ആർ) നയങ്ങളും രീതികളും സംബന്ധിച്ച ദ്വിദിനസമ്മേളനം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ എച്ച്.ആർ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്സണൽ മാനേജ്മെന്റ് (എൻ.ഐ.പി.എം), മുംബയ് ആസ്ഥാനമായ സിംഗ് എച്ച്.ആർ എന്നിവയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മനുഷ്യവിഭവശേഷി രംഗത്ത് സുസ്ഥിരമായ രീതികൾ പിന്തുടരുന്നത് സമ്മേളനം ചർച്ച ചെയ്യുമെന്ന് സിംഗ് എച്ച്.ആർ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും സ്ഥാപകനും മലയാളിയുമായ പ്രസാദ് രാജപ്പൻ പറഞ്ഞു.

ഇന്നുരാവിലെ 10ന് ഫോർച്യൂൺ ഹോട്ടൽസ് മാനേജിംഗ് ഡയറക്ടർ എം.സി. സമീർ ആമുഖപ്രഭാഷണം നടത്തും. അസം റൈഫിൾസ് മുൻ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഷോക്കിൻ ചൗഹാൻ പ്രഭാഷണം നടത്തും. പാനൽ ചർച്ചയിൽ വിദഗ്ദ്ധർ പങ്കെടുക്കുമെന്ന് എൻ.ഐ.പി.എം ചെയർമാൻ ജോ വർക്കി പറഞ്ഞു.