ആലങ്ങാട്: നവീകരണത്തിനു പിന്നാലെ തകർന്ന ആലങ്ങാട് ബ്ലോക്ക് റോഡ് പരിശോധിക്കാൻ എത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണിൽപൊടിയിടാനുള്ള ശ്രമവുമായി കരാറുകാർ. അന്വേഷണത്തിന് ഉദ്യോഗസ്ഥർ എത്തും മുമ്പ് റോഡിലെ തകർന്ന ഭാഗങ്ങളിൽ ടാറും മെറ്റലുമിട്ട് നികത്താനുള്ള കരാറുകാരുടെ 'പൊടിക്കൈ' നാട്ടുകാർ തടഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ആലങ്ങാട് ബ്ലോക്ക് മുതൽ മാർക്കറ്റ് വരെയുള്ള റോഡ് ടാറിംഗ് നടത്തി അരിക് കോൺക്രീറ്റ് ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കൃത്യമായി ടാർ ചേർക്കാത്തതും അരികുകളിലെ അശാസ്ത്രീയമായ മണ്ണെടുപ്പും ചൂണ്ടിക്കാട്ടി നാട്ടുകാർ പണി തടഞ്ഞിരുന്നെങ്കിയും പഞ്ചായത്ത് അസി. എൻജിനിയറുടെ ഉറപ്പിന്മേൽ പുന:രാരംഭിക്കുകയായിരുന്നു. എന്നാൽ ഉറപ്പു പാലിക്കാൻ കരാറുകാരനോ പരിശോധിക്കാൻ ഉദ്യോഗസ്ഥരോ തയാറായില്ല. മഴയ്ക്കിടയിലാണ് ടാറിംഗ് നടത്തിയതും. മേയിൽ പണി പൂർത്തിയായതിനു പിന്നാലെ പെയ്ത മഴയിൽ ടാറിംഗ് ഒലിച്ചുപോയി റോഡ് തകർന്നു തുടങ്ങി.

പ്രദേശവാസികൾ പരാതിയുമായി പഞ്ചായതത് അസി. എൻജിനിയറെ സമീപിച്ചെങ്കിലും കരാറുകാർക്ക് അനുകൂലമായ നിലപാടാണുണ്ടായത്. തുടർന്ന് ജില്ല പഞ്ചായത്തിൽ പാതി നൽകുകയായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് ആൻഡ് എൻജിനിയറിംഗ് ഡിപ്പാർട്ട്‌മെന്റ് അസി. എൻജിനിയറെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് അപാകത മറയ്ക്കാൻ കരാറുകാർ ശ്രമം തുടങ്ങിയത്. മഴ ഒഴിഞ്ഞു നിന്ന കഴിഞ്ഞ ദിവസങ്ങളിലാണ് കരാറുകാരൻ കുഴികൾ മെറ്റലിട്ട് നികത്താനെത്തിയത്. നാട്ടുകാർ പ്രതിഷേധവുമായി എത്തി. തുടർന്ന് ഇവർ പിന്മാറി. സംഭവത്തെകുറിച്ച് വിജിലൻസിന് പരാതി നൽകാനിരിക്കുകയാണ് പ്രദേശവാസികൾ.