പറവൂർ: പറവൂർ സ്വകാര്യബസ് സ്റ്റാൻഡിന് പിന്നിൽ നഗരസഭയുടെ മുസിരിസ് ബസാറിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറരയോടെ സമീപത്തെ റോഡിലൂടെ കടന്ന് പോയവരാണ് ബസാറിൽ തട്ടുകൾക്കിടയിൽ മൃതദേഹം കണ്ടത്.

സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ എറണാകുളം ജനറൽ ആശുപത്രിയിലെ മരുന്ന്ചീട്ട് കണ്ടെത്തി. ഇതിൽ 58 വയസ് പ്രായം കാണിച്ചിട്ടുണ്ട്. ഇടത് കൈയിൽ ബാൻഡേജ് കെട്ടിയിട്ടുണ്ടായിരുന്നു. പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ലൈറ്ററും ഒരു കുപ്പിയിൽ പെട്രോളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാഴ്ചയോളം മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിക്കും. ബന്ധുക്കൾ ആരും എത്തിയില്ലെങ്കിൽ സംസ്കരിക്കും.