ആലങ്ങാട്: കരുമാലൂർ പഞ്ചായത്തിലെ ആനച്ചാലിൽ തോടും തണ്ണീർത്തടവും നികത്തി ടാർ മിക്‌സിംഗ് യൂണിറ്റ് തുടങ്ങാനുള്ള ശ്രമത്തിനെതിരെ റവന്യൂ വകുപ്പിന് പരാതി നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിലെ ഇരുപതാം വാർഡിൽ ഏകദേശം 16 ഏക്കറോളം വരുന്ന സ്ഥലത്താണ് ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി ടാർ, കോൺക്രീറ്റ് മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി നികത്തുന്നത്.
നിർമ്മാണത്തിനുള്ള അനുമതിക്കായി രണ്ടു തവണ കമ്പനി പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിരസിച്ചു. എന്നാൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇവർ തോട് ഉൾപ്പെടെ നികത്തുകയും ലേബർ ക്യാമ്പിനുള്ള കെട്ടിടം നിർമ്മിക്കുകയും പ്ലാന്റിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ഇറക്കുകയും ചെയ്തു.
തൊഴിലാളികളുടെ ടോയ്ലറ്റ് ഉൾപ്പെടെ നിർമ്മിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ പരിസ്ഥിതിക്കു കോട്ടംവരുത്തുന്നവിധം തണ്ണീർത്തടം നികത്തി ടാർ മിക്‌സിംഗ് പ്ലാന്റ് നിർമ്മിക്കുത്തനിനെതിരെ പഞ്ചായത്ത് നൽകിയ പരാതിയിൽ സബ് കളക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. പഞ്ചായത്തിലെ വിവിധ തരിശുപാടങ്ങളിലായി നടക്കുന്ന മുഴുവൻ അനധികൃത നികത്തലുകളും തടഞ്ഞ് ഭൂമി പൂർവ്വസ്ഥിതിയിലാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രിക്ക് പരാതി നൽകുന്നതോടൊപ്പം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.