ഫോർട്ടുകൊച്ചി:കൊച്ചി നഗരസഭ ഒന്നാം ഡിവിഷൻ എ.ഡി.എസിൽ കലഹം. എ.ഡി.എസ് ചെയർപേഴ്സനും കൗൺസിലർക്കുമെതിരെയാണ് സെക്രട്ടറിയും വൈസ് ചെയർപേഴ്സനും രംഗത്തെത്തിയത്.ചെയർപേഴ്സൻ സബീന നൗഫൽ ഏകാധിപത്യപരമായ ഭരണമാണ് നടത്തുന്നതെന്ന് ഷിജി ട്രോയ്സൻ,വൈസ് ചെയർപേഴ്സൻ സജിനി അശോകൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
തന്നിഷ്ട പ്രകാരമുള്ള തീരുമാനങ്ങളുമായാണ് ചെയർപേഴ്സൻ മുന്നോട്ടുപോകുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നോക്കുകുത്തിയാക്കി അഹങ്കാരത്തോടെ പ്രവർത്തിക്കുന്ന ചെയർപേഴ്സൻ കുടുംബശ്രീ അംഗങ്ങളെ വിഢ്ഡികളാക്കുകയാണെന്നും അവർ ആരോപിച്ചു. ബാലസഭ രൂപീകരണത്തിൽ തങ്ങളെ പൂർണമായും ഒഴിവാക്കി.ഇത് ചോദ്യം ചെയ്യുകയും രക്ഷാധികാരിയായ കൗൺസിലറിനോട് പരാതിപ്പെടുകയും ചെയ്തു. പക്ഷേ, രക്ഷാധികാരി ശാസിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇരുവരും പറഞ്ഞു.
കൗൺസിലറിന്റെ പേഴ്സണൽ സെക്രട്ടറി കൂടിയാണ് ചെയർപേഴ്സൺ. എ.ഡി.എസ് ചെയർപേഴ്സനും എക്സിക്യുട്ടീവും ഒരാൾ തന്നെയായതിനാൽ ജില്ലാ മിഷനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.അതേക്കുറിച്ച് സംസാരിച്ചതിന് കരിങ്കാലികൾ എന്ന് മുദ്രകുത്തുകയും കമ്മിറ്റിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവർ പറഞ്ഞു.ഇതിനെതിരെ സി.ഡി.എസിൽ പരാതി നൽകുകയും ഞങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ കുടുംബശ്രീ അംഗങ്ങളെ സി.ഡി.എസ് യോഗത്തിനെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയും ജില്ലാ മിഷൻ,സി.ഡി.എസ് ചെയർപേഴ്സൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ, മെമ്പർ സെക്രട്ടറി എന്നിവർക്കെതിരെ ധർണ നടത്തുകയും ചെയ്തു. ഒന്നാം ഡിവിഷനിലെ അയൽക്കൂട്ടം അംഗങ്ങൾ വിനോദ യാത്രയ്ക്ക് പോയതിന്റെ ചെലവ് കണക്കുകൾ തിരക്കിയപ്പോൾ മറ്റ് വിഷയങ്ങളിലേക്ക് ചർച്ച വഴിതിരിച്ച് വിട്ടു.എ.ഡി.എസ് മീറ്റിംഗ് സ്ഥിരമായി കൗൺസിലറിന്റെ വീട്ടിൽ നടത്തി. ഇതിനെതിരെ ജില്ലാ മിഷനിൽ പരിതി നൽകിയതിനെ തുടർന്ന് യോഗം സി.ഡി.എസ് ഹാളിൽ നടത്താൻ തീരുമാനമുണ്ടായി. എന്നാൽ തീരുമാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണുണ്ടായത്. പ്രശ്നത്തിൽ കളക്ടറേയും ജില്ലാ മിഷനേയും സമീപിക്കുമെന്നും ഷിജി ട്രോയ്സനും സജിനി അശോകനും പറഞ്ഞു.