
അങ്കമാലി: ഭരണം നിഷ്ക്രിയമെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ അങ്കമാലി നഗരസഭാ ഓഫീസ് മാർച്ചും ഉപവാസവും നടത്തി. മാർച്ച് സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് പഴയ നഗരസഭാ ആസ്ഥാനത്ത് നടന്ന ഉപവാസം മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു.
ജനതാദൾ സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ., കെ.എസ്.കെ.ടി.യു., കർഷകസംഘം തുടങ്ങിയ സംഘടനങ്ങൾ സംബന്ധിച്ചു. അങ്കമാലി നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പത്തോളം അടിയന്തരാവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം സമരം സംഘടിപ്പിച്ചത്.
കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും ചെയർമാൻ സ്ഥാനം വീതംവച്ച് പരസ്പരം കാലുവാരുന്ന പ്രവണതയാണ് ഭരണസ്തംഭനത്തിന് കാരണമെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
സമാപന യോഗം മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.എൻ. സുഗതൻ, മണ്ഡലം സെക്രട്ടറി സി.ബി.രാജൻ, എൽ.ജെ.ഡി.ജില്ലാ പ്രസിഡന്റ് ജയ്സൺ പാനികുളങ്ങര, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ടോമി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.