
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സമാഗതമായി. ആഗസ്റ്റ് ആറിന് തിരഞ്ഞെടുപ്പ് ദിനത്തിൽത്തന്നെ ഫലപ്രഖ്യാപനമുണ്ടാകും. രാജസ്ഥാനിലെ മുതിർന്ന ബി.ജെ.പി നേതാവും പശ്ചിമബംഗാളിൽ ഗവർണറുമായിരുന്ന ജഗദീപ് ധർഖർ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി ; മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവ യു.പി.എ സ്ഥാനാർത്ഥിയും. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എൻ.ഡി.എയ്ക്ക് ഇലക്ട്രറൽ കോളേജിൽ കേവല ഭൂരിപക്ഷമുള്ളതിനാൽ ധൻഖറുടെ വിജയം സുനിശ്ചിതമാണ്. ഭരണഘടനയും പ്രോട്ടോക്കോളും പ്രകാരം ദ്വിതീയ പൗരനാണ് ഉപരാഷ്ട്രപതി. രാജി, മരണം, കുറ്റവിചാരണ തുടങ്ങിയ കാരണത്താൽ രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞാൽ ആ ചുമതല വഹിക്കേണ്ടയാളാണ് ഉപരാഷ്ട്രപതി. രാജ്യസഭയുടെ ചെയർമാൻ കൂടിയാണ് ഉപരാഷ്ട്രപതി. സഭാനടപടികൾ നിയന്ത്രിക്കാൻ പാർലമെന്ററി പരിചയവും മെയ്‌വഴക്കവും അനിവാര്യമാണ്. ഔദ്യോഗിക കാലാവധി അവസാനിക്കുന്നതോടെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തനാകും. ഏതെങ്കിലും സംസ്ഥാനത്ത് ഗവർണറായോ വിദേശരാജ്യത്ത് അംബാസിഡറായോ ആകാനാവില്ല. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവും സാദ്ധ്യമല്ല. നിർബന്ധിത വാനപ്രസ്ഥമാണ് നായിഡുവിനെ കാത്തിരിക്കുന്നത്.
അവിഭക്ത മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആന്ധ്രയിലെ നെല്ലൂർ ജില്ലയിലാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശമായ ചവടപാലം. ആർ.എസ്.എസിലും വിദ്യാർത്ഥി പരിഷത്തിലും കൂടിയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1972 ലെ ജയ് ആന്ധ്രപ്രക്ഷോഭത്തിൽ സജീവമായിരുന്നു. 1973 ൽ ആന്ധ്രസർവകലാശാല യൂണിയൻ ചെയർമാനായി. 1974 ൽ ജയപ്രകാശ് നാരായണന്റെ ഛാത്ര സംഘർഷസമിതിയുടെ കൺവീനറായി. 1978 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ ഇന്ദിരാതരംഗം ആഞ്ഞടിച്ചപ്പോഴും ജനതാപാർട്ടി ടിക്കറ്റിൽ നായിഡു ഉദയഗിരിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1980 ൽ ഭാരതീയ ജനതാപാർട്ടി രൂപീകൃതമായപ്പോൾ അതിൽ ചേർന്നു. പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായി.1983 ൽ കോൺഗ്രസിന്റെ കുത്തക തകർന്നു; തെലുങ്കുദേശം ആന്ധ്രാപ്രദേശിൽ വിജയപതാക പാറിച്ചു. അപ്പോഴും ഉദയഗിരി സീറ്റ് നായിഡു നിലനിറുത്തി. സംസ്ഥാനത്തെ ഏറ്റവും ജനപിന്തുണയുള്ള ബി.ജെ.പി നേതാവായി. 1985 ൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായി; 88ൽ പ്രസിഡന്റുമായി. 1993 ൽ പാർട്ടി ദേശീയ ജനറൽസെക്രട്ടറിയായി. തെലുങ്കിനു പുറമേ തമിഴും കന്നഡയും ഇംഗ്ളീഷും ഹിന്ദിയും ഒഴുക്കോടെ സംസാരിക്കാൻ കഴിവുണ്ട്. അങ്ങനെ ദേശീയ നേതൃത്വത്തിനും നായിഡു പ്രിയങ്കരനായി. പാർട്ടിയുടെ ദേശീയ വക്താവായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1998 ൽ കർണാടകത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000 ൽ വാജ്‌പേയി അദ്ദേഹത്തെ ഗ്രാമവികസന വകുപ്പിന്റെ ചുമതലയോടെ ക്യാബിനറ്റ് മന്ത്രിയാക്കി. 2002 ൽ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി. 2004 വരെ തൽസ്ഥാനത്തു തുടർന്നു. 2014 ലെ നരേന്ദ്രമോദി മന്ത്രിസഭയിൽ പാർലമെന്ററികാര്യവും ഭവനനിർമ്മാണവും നഗരവികസനവുമായിരുന്നു നായിഡുവിന്റെ വകുപ്പുകൾ. 2016 ൽ വാർത്താവിതരണ പ്രക്ഷേപണവകുപ്പിന്റെ ചുമതലകൂടി ലഭിച്ചു. 2017 ൽ കേന്ദ്രമന്ത്രിയായി തുടരനാണ് അദ്ദേഹമാഗ്രഹിച്ചത്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്ന് പാർട്ടി അദ്ധ്യക്ഷനായിരുന്ന അമിത് ഷായും അദ്ദേഹത്തെ ദ്വിതീയ പൗരനാക്കാൻ തീരുമാനിച്ചു. നായിഡുവിനു വഴങ്ങേണ്ടിവന്നു.
2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേൽക്കുമ്പോൾ ലാൽ കൃഷ്‌ണ അദ്വാനിയായിരിക്കും അടുത്ത രാഷ്ട്രപതിയെന്നാണ് ബി.ജെ.പിയോട് അടുത്ത വൃത്തങ്ങൾ കരുതിയത്. ഭാരതീയ ജനസംഘത്തെയും പിന്നീട് ഭാരതീയ ജനതാപാർട്ടിയെയും പ്രതിസന്ധിഘട്ടങ്ങളിൽ കരകയറ്റിയ നേതാവായിരുന്നു അദ്വാനി. അദ്ദേഹമാണ് രാമജന്മഭൂമി പ്രശ്നം ആളിക്കത്തിച്ചതും അയോദ്ധ്യയിലേക്ക് രഥയാത്ര നടത്തിയതും. 1984 ൽ വെറും രണ്ടുസീറ്റിലൊതുങ്ങിയ ബി.ജെ.പിയെ 1989 ൽ 80 സീറ്റിലെത്തിച്ചതും 1991 ആകുമ്പോഴേക്കും 120 ആയി ഉയർത്തിയതും അദ്വാനിയായിരുന്നു. പക്ഷേ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ കുപ്രസിദ്ധമായ ജയിൻ ഹവാല അപവാദം ഉയർന്നു. സുരേന്ദ്രനാഥ ജയിന്റെ ഡയറിയിൽ അദ്വാനിയുടെ പേരുമുണ്ടായിരുന്നു. അതേത്തുടർന്ന് പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചു ;1996 ൽ അദ്വാനി തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. അങ്ങനെ വാജ്പേയി വീണ്ടും പാർട്ടിനേതൃത്വം ഏറ്റെടുക്കുകയും കാലാന്തരത്തിൽ പ്രധാനമന്ത്രിയാവുകയും ചെയ്തു. അദ്വാനി രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ഗുജറാത്ത് കലാപത്തെത്തുടർന്ന് നരേന്ദ്രമോദിയുടെ മുഖ്യമന്ത്രിസ്ഥാനം തുലാസിലായപ്പോൾ അദ്വാനിയാണ് അദ്ദേഹത്തെ രക്ഷിച്ചതും ഒരവസരം കൂടി നൽകിയതും. 2013 ആകുമ്പോഴേക്കും നരേന്ദ്രമോദി സർവശക്തനായി. അദ്വാനി തഴയപ്പെട്ടു. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാനായില്ല. പഴയ ഉപകർത്താവിനോടുള്ള നന്ദിസൂചകമായി 2017 ൽ അദ്ദേഹത്തെ രാഷ്ട്രപതിയാക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ അതുണ്ടായില്ല. പട്ടികജാതിക്കാരനെന്ന പരിഗണനയാൽ, തീരെ അപ്രശസ്തനായിരുന്ന രാംനാഥ് കോവിന്ദിനെയാണ് ബി.ജെ.പി രാഷ്ട്രപതി സ്ഥാനത്തേക്കുയർത്തിയത്. അദ്വാനിയും ജോഷിയും മാർഗ നിർദ്ദേശക് മണ്ഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. അദ്വാനിയോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന നേതാക്കൾ സുഷമ സ്വരാജ്, അരുൺ ജയ്‌റ്റ്ലി, അനന്തകുമാർ, വെങ്കയ്യ നായിഡു എന്നിവരായിരുന്നു. ആദ്യത്തെ മൂന്നുപേരും മരണപ്പെട്ടു. നായിഡുവിനെ കേന്ദ്രമന്ത്രിസഭയിൽ നിന്നൊഴിവാക്കാനാണ് ഉപരാഷ്ട്രപതിയാക്കി 'ഉയർത്തി'യത്.
ഉപരാഷ്ട്രപതിമാരെ അടുത്ത ടേമിൽ രാഷ്ട്രപതിയാക്കി ഉയർത്തുകയാണ് കീഴ്‌വഴക്കം, ഡോ.എസ്. രാധാകൃഷ്ണൻ, ഡോ.സക്കീർ ഹുസൈൻ, വി.വി.ഗിരി, ആർ.വെങ്കിട്ടരാമൻ, ഡോ. ശങ്കർ ദയാൽ ശർമ്മ, കെ.ആർ. നാരായണൻ എന്നിവരൊക്കെ അപ്രകാരം ഉയർത്തപ്പെട്ടവരാണ്. വെങ്കയ്യ നായിഡുവിന്റെ കാര്യത്തിലും കീഴ്‌വഴക്കം പാലിക്കപ്പെടുമെന്നാണ് കരുതിയത്. മാത്രമല്ല അദ്ദേഹത്തിന് 73 വയസേ ആയിട്ടുള്ളൂ. ബി.ജെ.പിയിൽ കേന്ദ്രമന്ത്രിമാർക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കും നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധി 75 വയസാണ്. അതിനുശേഷമാണ് സാധാരണ ഗവർണറായോ ഉപരാഷ്ട്രപതി /രാഷ്ട്രപതി മുതലായ അത്യുന്നത പദവിയിലേക്കോ ഉയർത്തപ്പെടുക. രാജ്യസഭാ ചെയർമാനെന്ന നിലയിൽ അഞ്ചുവർഷം സ്തുത്യർഹമായ സേവനമാണ് വെങ്കയ്യ നായിഡു കാഴ്ചവെച്ചത്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാഅംഗങ്ങൾക്കും അദ്ദേഹം തുല്യപരിഗണന നൽകി. നന്നായി സംസാരിച്ചവരെ അഭിനന്ദിച്ചു. തെക്കേ ഇന്ത്യക്കാരൻ, പിന്നാക്ക സമുദായക്കാരൻ എന്നീ പരിഗണനകളും നായിഡുവിന് അനുകൂലമായിരുന്നു. ഇതൊക്കെയായിട്ടും രാഷ്ട്രപതിസ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. അപ്പോഴും 2012 ൽ ഹമീദ് അൻസാരിക്ക് എന്നപോലെ ഇത്തവണ വെങ്കയ്യ നായിഡുവിനും ഉപരാഷ്ട്രപതിസ്ഥാനത്തു രണ്ടാമതൊരു അവസരം നൽകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സൗമ്യനും മിതഭാഷിയുമായ നായിഡുവിന്റെ സ്ഥാനത്ത് ക്ഷിപ്രകോപിയും ശാഠ്യക്കാരനുമായ ജഗദീപ് ധൻഖർ ഉപരാഷ്ട്രപതിയാകുമ്പോൾ രാജ്യസഭാ നടപടികൾ എങ്ങനെയാവുമെന്ന് കാത്തിരുന്നു കാണാം.
നരേന്ദ്രമോദി സർവശക്തനാവുകയും സർവാധികാരങ്ങളും അദ്ദേഹത്തിൽ കേന്ദ്രീകരിക്കുകയും പാർലമെന്റിലോ പുറത്തോ അദ്ദേഹത്തെ എതിർക്കാൻ ആരുമില്ലാതാവുകയും ചെയ്തതുകൊണ്ടാണ് അദ്വാനിയെപ്പോലെ വെങ്കയ്യനായിഡുവും തഴയപ്പെട്ടത്. കഴിവോ പ്രാപ്തിയോ ഇല്ലാത്തതു കൊണ്ടല്ല, പ്രായം അധികരിച്ചതുകൊണ്ടുമല്ല വെങ്കയ്യ നായിഡു രാഷ്ട്രീയ വാനപ്രസ്ഥത്തിന് നിർബന്ധിതനായത്.