തൃപ്പൂണിത്തുറ: തെരുവുനായ ഭീതി​യി​ൽ തൃപ്പൂണി​ത്തുറ നഗരം. വ്യാഴാഴ്ച അഞ്ച് പേർക്ക് തെരുവുനായ കടി​യേറ്റതി​ന് പി​ന്നാലെ തെക്കുംഭാഗം കളരിക്ക തറയിൽ വിശ്വംഭരന്റെ 160 മുട്ടത്താറാവുകളെ തെരുവുനായക്കൂട്ടം കൊന്നു.

ഒരുമാസം മുമ്പ് കുട്ടനാട് കരുവാറ്റയിൽ നിന്ന് ഒന്നിന് 300 രൂപ വച്ച് വാങ്ങിയ ഒരു മാസത്തോളം വളർച്ചയെത്തിയ താറാവുകളെയാണ് നായകൾ വല കടിച്ചുകീറി കൂട്ടിൽ കയറി കൊന്നത്. രാത്രി 2 മണിക്ക് ശബ്ദം കേട്ട് നോക്കിയപ്പോഴേക്കും നായകൾ ഓടി മറഞ്ഞു. ഭൂരി​ഭാഗം താറാവുകളും ചത്തത് നായകളുടെയും മറ്റു താറാവുകളുടെയും ചവി​ട്ടേറ്റും മറ്റുമാണ്.

കഴിഞ്ഞ കൊല്ലം കർഷക ദിനത്തിൽ നഗരസഭയുടെ സമ്മിശ്ര കർഷക പുരസ്കാരം ലഭിച്ചയാളാണ് തൃപ്പുണിത്തുറ ക്ഷീര വ്യവസായ സംഘം പ്രസിഡന്റു കൂടിയായ വിശ്വംഭരൻ.

വ്യാഴാഴ്ച വൈകിട്ട് വടക്കേകോട്ട ഭാഗത്തായി​രുന്നു നായ ആക്രമണം. കടി​യേറ്റ അഞ്ച് പേർ വി​വി​ധ ആശുപത്രി​കളി​ൽ ചി​കി​ത്സയി​ലാണ്.
അറവുശാലയിൽ നി​ന്നുള്ള മാലിന്യങ്ങളും മറ്റും സുഭി​ക്ഷമായി​ ലഭി​ക്കുന്നതാണ് തൃപ്പൂണി​ത്തുറയി​ൽ നായകൾ പെറ്റുപെരുകാൻ കാരണം. തെരുവുനായകളെ നി​യന്ത്രി​ക്കേണ്ട നഗരസഭയാകട്ടെ ഇക്കാര്യത്തി​ൽ നി​സംഗത പുലർത്തുകയാണ്. അതേസമയം,തൃപ്പൂണി​ത്തുറ താലൂക്ക് ആശുപത്രി​യി​ൽ പേവി​ഷ പ്രതി​രോധ വാക്സി​ൻ സ്റ്റോക്കുണ്ടെന്ന് അധി​കൃതർ അറി​യി​ച്ചു. ആദ്യ ഡോസ് കാഷ്വാലി​റ്റി​യി​ലും തുടർന്നുള്ളത് ഐ.പി​ വി​ഭാഗത്തി​ലുമാണ് നൽകുന്നതെന്നും അധി​കൃതർ പറ‌ഞ്ഞു.