changapuzha

കൊച്ചി: മലയാളത്തിന്റെ പ്രിയ പ്രണയകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപം പരിപാലിക്കാൻ ആളില്ലാതെ അനാഥാവസ്ഥയിൽ. ചങ്ങമ്പുഴ സ്മാരകമായ ഇടപ്പള്ളി പാർക്കിൽ മൂന്നുകോടി രൂപയുടെ നവീകരണപദ്ധതി ആരംഭിക്കാനിരിക്കെ തൊട്ടടുത്തുള്ള സ്മൃതിമണ്ഡപം കാടുപിടിച്ചു കിടക്കുകയാണ്.

കൊവിഡിന് മുമ്പുവരെ എഴുത്തുകാരുടെയും വിദ്യാർത്ഥികളുടെയും ആസ്വാദകരുടെയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു ഇവിടം. കൊവിഡിന് ശേഷം സ്മൃതിമണ്ഡപം പതിവായി പരിപാലിക്കാൻ സംവിധാനമില്ലതായി. ചെറിയ ഹാളും ഇരിപ്പിട സൗകര്യങ്ങളുമുണ്ട്. വൈദ്യുതിയില്ലാത്തതിനാൽ വൈകിട്ട് ഇരുട്ടിലാകും. സന്ദർശകർക്ക് വിശ്രമിക്കാനുൾപ്പെടെ സൗകര്യങ്ങളില്ല. സമാധി സ്ഥലത്തിന്റെ ഉടമകളായ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) പരിപാലനത്തിന് ആരെയും നിയോഗിച്ചിട്ടില്ല. ചങ്ങമ്പുഴ സ്മാരക വായനശാല പ്രവർത്തകരാണ് എന്തെങ്കിലും ചെയ്യുന്നത്.

ചങ്ങമ്പുഴ സ്മാരകം നിർമ്മാണത്തിനായി 1974ലാണ് ജി.സി.ഡി.എ സമാധിസ്ഥലം ഉൾപ്പെടെ നാലു സെന്റ് സ്ഥലം ഏറ്റെടുത്തത്. പിന്നീട് സമീപത്തെ പാർക്ക് ചങ്ങമ്പുഴ സ്മാരകമായി നിലനിറുത്താൻ തീരുമാനിച്ചു. കല, സംഗീത, സാഹിത്യ പരിപാടികളുമായി ചങ്ങമ്പുഴ പാർക്ക് സജീവമാണ്. പാർക്കിലെ പരിപാടികൾക്കെത്തുമ്പോൾ എം.ടി വാസുദേവൻ നായർ ഉൾപ്പെടെ എഴുത്തുകാർ സ്മൃതി മണ്ഡപത്തിലും എത്തിയിരുന്നു.


ഇവിടെ ഒഴുകുന്നു

ചങ്ങമ്പുഴയുടെ ഓർമ്മകൾ

'രമണൻ" രചിച്ച് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് യുവകവിയായ ചങ്ങമ്പുഴ ക്ഷയരോഗ ബാധിതനാകുന്നത്. പകർച്ചവ്യാധിയായ ക്ഷയത്തെ ആളുകൾ ഭയന്നകാലം. വീടിന്റെ തെക്കുകിഴക്ക് ഭാഗത്തായി കുടിലുകെട്ടിയാണ് കവി താമസിച്ചിരുന്നത്. എഴുത്തും ഉറക്കവും അവിടെതന്നെ.

അസുഖം മൂർച്ഛിച്ചതോടെ ചങ്ങമ്പുഴയെ തൃശൂർ മംഗളോദയം ആശുപത്രിയിലേക്ക് മാറ്റി. 1948ൽ അവിടെ വച്ചായിരുന്നു അന്ത്യം. ഇടപ്പള്ളിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ചങ്ങമ്പുഴയുടെ വീട്ടുകാർ പിന്നീട് ഇടപ്പള്ളിയിലെ രണ്ടേക്കറോളം സ്ഥലംവിറ്റു. പുതിയ ഉടമകളിൽ നിന്നാണ് സമാധിസ്ഥലം ഉൾപ്പെടെ നാലു സെന്റ് ജി.സി.ഡി.എ വാങ്ങിയത്.


''ചങ്ങമ്പുഴയുടെ ജന്മദിനത്തിലും ചരമദിനത്തിലുമാണ് ആളുകൾ ഒത്തുകൂടുന്നത്. വൈദ്യുതിയില്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞ് പൊതുപരിപാടികൾ നടത്താനാവുന്നില്ല. ഹാൾ മാത്രമാണുള്ളത്""
ടി.എം.ശങ്കരൻ,​

പ്രസിഡന്റ്,​

ചങ്ങമ്പുഴ സ്മാരക വായനശാല.


''ചങ്ങമ്പുഴ പാർക്കിന്റെ നവീകരണത്തിനാണ് മുൻഗണന. സ്മൃതിമണ്ഡപം നവീകരിക്കുന്നത് പിന്നീട് പരിഗണിക്കും""

കെ.ചന്ദ്രൻപിള്ള,​

ചെയർമാൻ,​

ജി.സി.ഡി.എ.