
കൊച്ചി: അഞ്ചുവർഷത്തിനകം 63 ലക്ഷം ചതുരശ്രയടി ഐ.ടി മന്ദിരങ്ങളും 67,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫോപാർക്കിലെ ജ്യോതിർമയ മന്ദിരത്തിലെ പുതിയ സൗകര്യവും കൊരട്ടി ഇൻഫോപാർക്കിലെ മന്ദിരവും കോഗ്‌നിസന്റ് മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ-ഫോൺ പദ്ധതിയുടെ 73 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. 30,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർശൃംഖല സ്ഥാപിക്കും. 1,611 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചു. കെ- ഫോണിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും ലൈസൻസുകളും ലഭിച്ചിട്ടുണ്ട്. ദേശീയപാത 66ന് സമാന്തരമായി നാല് ഐ.ടി ഇടനാഴികൾ സ്ഥാപിക്കും. അഞ്ചുവർഷത്തിനുള്ളിൽ നിലവിലുള്ളതിന്റെ ഇരട്ടി ഐ.ടി ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു.
പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. രേണുരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, വാർഡ് അംഗം ടി.എസ്. നവാസ്, ഐ.ടി പാർക്ക്സ് സി.ഇ.ഒ ജോൺ എം. തോമസ്, കോഗ്‌നിസന്റ് ഡിജിറ്റൽ ബിസിനസ് ആൻഡ് ടെക്‌നോളജി ഇന്ത്യ ഹെഡ് ആൻഡ് പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സെസ് ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മിഷണർ ബോണി പ്രസാദറാവു തുടങ്ങിയവർ പങ്കെടുത്തു.