p

കൊച്ചി: സർക്കാരിന്റെയും സർവകലാശാലയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിംഗ് കമ്മിറ്റിയോ ഗവേണിംഗ് സമിതിയോ രൂപീകരിക്കാനുള്ള എം.ജി സർവകലാശാലയുടെ നിർദ്ദേശം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തിലുള്ള കടന്നുകയറ്റമല്ലെന്ന് ഹൈക്കോടതി.

എല്ലാ കോളേജുകളിലും സർക്കാരിന്റെയും സർവകലാശാലയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിംഗ് കമ്മിറ്റിയോ ഗവേണിംഗ് സമിതിയോ രൂപീകരിക്കണമെന്ന എം.ജി സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾ ശരിവച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യവസ്ഥ ചോദ്യംചെയ്ത് കൺസോർഷ്യം ഒഫ് കാത്തലിക് ഇൻസ്റ്റിറ്റ‌്യൂഷൻസ് ഒഫ് ഹയർ എഡ്യൂക്കേഷൻ ഇൻ കേരള ഉൾപ്പെടെ നൽകിയ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.

ഉപദേശക സ്വഭാവത്തിലുള്ള ഇത്തരം സമിതികൾ ഒരുതരത്തിലും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തെ ബാധിക്കില്ലെന്ന് സർക്കാരും സർവകലാശാലയും വിശദീകരിച്ചു. 2018 ലെ യു.ജി.സി റെഗുലേഷൻ അനുസരിച്ചാണ് നിർദ്ദേശം നൽകിയതെന്നും വ്യക്തമാക്കി. ഈ വാദം അംഗീകരിച്ച ഹൈക്കോടതി നിർദ്ദേശം ഭരണഘടനാ വിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടി. കോളേജുകളിലെ അസി. പ്രൊഫസർ നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിൽ സബ്‌ജക്‌ട് എക്സ്‌പേർട്ടിനെ (വിഷയ വിദഗ്ദ്ധനെ) ഉൾപ്പെടുത്തണമെന്ന് കാണിച്ച് സർവകലാശാല 2020ൽ ഇറക്കിയ സർക്കുലറും ഹൈക്കോടതി ശരിവച്ചു. കോളേജുകളിലെ മാനേജിംഗ് കമ്മിറ്റി ശുപാർശചെയ്യുന്ന വിദഗ്ദ്ധനെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന് സർക്കുലറിൽ നിർദ്ദേശിച്ചതിനാലാണ് അതിനെ ഹർജിക്കാർ ചോദ്യംചെയ്തത്. എന്നാൽ ഇവയൊന്നും മാനേജ്‌മെന്റുകളുടെ താത്പര്യം ഹനിക്കുന്നവയല്ലെന്നും ഹർജിക്കാരുടെ ആശങ്ക തെറ്റിദ്ധാരണമൂലമാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.