
കൊച്ചി: ജില്ലയിലെ ഒരുപറ്റം ഗ്രാമീണസ്ത്രീകളുടെ സർഗഭാവനകൾ ചിറകുവിടർത്തിയ 'പിങ്ക് പെൻ" കവിതസമാഹാരം പുറത്തിറങ്ങി. 82 ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 100 സ്ത്രീകളുടെ രചനാസമാഹാരമാണിത്. അടുക്കളയിലും അകത്തളങ്ങളിലും ഒളിച്ചുവച്ച സർഗഭാവനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷം നടപ്പാക്കിയ പെണ്ണെഴുത്ത് പദ്ധതിയിലൂടെയാണ് മലയാള സാഹിത്യ ചരിത്രത്തിലെതന്നെ പുതിയ അദ്ധ്യായം വിരചിതമായത്.
വൃത്തവും അലങ്കാരവുമൊക്കെ മാറ്റിനിറുത്തിയാൽ ചന്തത്തിനൊട്ടും കുറവില്ലാത്ത അസാമാന്യ രചനകളിലൂടെ പ്രകൃതി, പ്രണയം, വിരഹം, അമ്മ, അച്ഛൻ, കർഷകൻ, കണ്ടൽകാട്, സ്ത്രീധനം, മയക്കുമരുന്ന്, ബാല്യം, കൗമാരം, വാർദ്ധക്യം, മരണം, കൊവിഡ്, പേമാരി, വെള്ളപ്പൊക്കം തുടങ്ങി ജീവിതഗന്ധിയായ ഒട്ടനവധി പ്രമേയങ്ങളാണ് പെണ്ണെഴുത്തിലെ തൂലികത്തുമ്പിലൂടെ പിറന്നുവീണത്.
പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 218 കവിതകൾ നിർവഹണ ഉദ്യോഗസ്ഥയായ ജില്ലാ വനിതാശിശു വികസന ഓഫീസർക്ക് തപാലിൽ ലഭിച്ചു. തിരഞ്ഞെടുത്ത 100 എണ്ണമാണ് പ്രസിദ്ധീകരിച്ചത്. പ്രമേയങ്ങളുടെ വ്യത്യസ്തതകൊണ്ടും അസാമാന്യ രചന വൈഭവം കൊണ്ടും ഈ ഗ്രാമീണവനിതകൾ അത്ഭുതപ്പെടുത്തിയെന്ന് കവിതകളുടെ തിരഞ്ഞെടുപ്പിന് നേരിട്ട പ്രതിസന്ധിയേക്കുറിച്ച് എഡിറ്റോറിയൽ ബോർഡ് വിലയിരുത്തുന്നു.
പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നേരത്തെ നടന്നെങ്കിലും അച്ചടി പൂർത്തിയാക്കി വിതരണത്തിന് തയ്യാറായത് ഇന്നലെ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തിൽ ഭരണസമിതിയും വനിതാ ജനപ്രതിനിധികൾ, സെക്രട്ടറി ജോബി തോമസ്, മുൻ സെക്രട്ടറി അജി ഫ്രാൻസിസ്, വനിത ശിശുവികസന ഓഫീസർ ഡോ.പ്രേംന മനോജ് ശങ്കർ എന്നിവരുമാണ് പുസ്തകത്തിന്റെ പ്രധാന അണിയറശില്പികൾ. കവിതകൾ തിരഞ്ഞെടുക്കാൻ ഡോ.എൻ.സി. ഉണ്ണിക്കൃഷ്ണൻ, സുരേഷ് തൃപ്പൂണിത്തുറ എന്നിവരുടെ സാഹായവും ലഭിച്ചു. ജില്ലാ പഞ്ചായത്ത് ജീവനക്കാരായ ജോസഫ് അലക്സാണ്ടർ, എം.സി.സുരേഷ് എന്നിവർ എഡിറ്റിംഗ് നിർവഹിച്ചു. അച്ചടി കാക്കനാട് കെ.പി.ബി.എസിലാണ്.