മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് 2.70 കോടി രൂപ അനുവദിച്ചു. സിവിൽ-അനുബന്ധ വർക്കുകൾക്ക് പുറമെ കൂടുതൽ ആധുനിക സൗകര്യങ്ങളൊരുക്കുന്നതിനാണ് തുക അനുവദിച്ചത്. ഭരണാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികൾ തുടങ്ങിയതായി ഡോ. മാത്യു കുഴൽനാടൻ എം .എൽ.എ പറഞ്ഞു.
കാലങ്ങളായി നിർമാണം മുടങ്ങിക്കിടന്ന സ്റ്റാൻഡ് നവീകരിക്കാൻ മൂന്ന് കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. മൂവാറ്റുപുഴ സ്റ്റാൻഡിനോടുള്ള അവഗണന മൂലം ദുരിതത്തിലായിരുന്നു യാത്രക്കാർ. ഉന്നത നിലവാരത്തിൽ സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കാൻ കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിരന്തര ഇടപെടലിനെ തുടർന്നാണ് കൂടുതൽ പണം അനുവദിച്ചത്. നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു.ശൗചാലയങ്ങളും ഇരിപ്പിടങ്ങളുമടക്കം ആധുനിക നിലവാരത്തോടെ പൂർത്തിയാക്കും. ലൈറ്റുകൾ, ഫാനുകൾ എന്നിവ സ്ഥാപിക്കും. ഓടകളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പണികൾ പൂർത്തിയാക്കി മൂവാറ്റുപുഴയെ മികച്ച സ്റ്റാൻഡാക്കി മാറ്റുമെന്നും എം.എൽ.എ പറഞ്ഞു.