park
ഇൻഫോപാർക്ക്

കൊച്ചി: കൊച്ചി ഇൻഫോപാർക്കിന്റെ വികസനത്തിന് നൂറേക്കർ സ്ഥലം കൂടി കണ്ടെത്താൻ നടപടി ആരംഭിച്ചു. നിലവിലെ പാർക്കിന് പുറത്ത് സ്ഥലങ്ങൾ കണ്ടെത്തി ഒരുലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന ഉപപാർക്കുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.

വിമാനത്താവളം, ദേശീയപാതകൾ എന്നിവയോട് ചേർന്ന് ലഭ്യമായ സ്ഥലങ്ങളാണ് കണ്ടെത്തുകയെന്ന് കേരള ഇൻഫോപാർക്ക്സ് സി.ഇ.ഒ ജോൺ എം. തോമസ് പറഞ്ഞു. അഞ്ചു മുതൽ 20 ഏക്കർ വരെ സ്ഥലങ്ങൾ ഏറ്റെടുക്കും. അവ വികസിപ്പിച്ച് ചെറിയ പാർക്കുകൾ നിർമ്മിക്കും. സ്ഥലം ഏറ്റെടുക്കാനും മറ്റുമായി കിഫ്ബി ആയിരം കോടി രൂപ ലഭ്യമാക്കും. റോഡ് ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കി കമ്പനികളെ ഇവിടേയ്ക്ക് ആകർഷിക്കും. വിദേശ കമ്പനികളിൽ നിന്നുൾപ്പെടെ അന്വേഷണങ്ങൾ ഇൻഫോപാർക്കിന് ലഭിക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ സ്ഥലം തീർന്നതോടെ രണ്ടാംഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.

മൂന്നര ലക്ഷം ചതുരശ്രയടി

പുതിയ കെട്ടിടം

ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിൽ മൂന്നര ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചു. സ്ഥലവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിവിധ വകുപ്പുകളിൽ പൂർത്തിയായി വരുകയാണ്. പരമാവധി കുറഞ്ഞ ചെലവിൽ ചെറുകിട, ഇടത്തരം ഐ.ടി കമ്പനികൾക്ക് സ്ഥലം നൽകുകയാണ് ലക്ഷ്യം. ചെറിയ കമ്പനികളിൽ നിന്ന് നിരവധി അന്വേഷണങ്ങൾ ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

കൂടുതൽ ഉപകേന്ദ്രങ്ങൾ

നഗരങ്ങളിലും പട്ടണങ്ങളിലും ഇൻഫോപാർക്ക് കൂടുതൽ ഉപകേന്ദ്രങ്ങൾ ആരംഭിക്കും. മെട്രോ റെയിൽ, ദേശീയപാതകൾ തുടങ്ങിയവയോട് ചേർന്ന് ചെറിയ ഐ.ടി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ കേന്ദ്രങ്ങൾ തുറക്കുക.

ഇൻഫോപാർക്കിന്റെ കീഴിൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ ഉപകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഐ.ടി അധിഷ്ടിത സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കൊച്ചിയിൽ മെട്രോ റെയിൽ സ്റ്റേഷനുകൾക്ക് സമീപമാണ് കെട്ടിടം തേടുന്നത്. ജീവനക്കാരുടെ യാത്ര, പാർക്കിംഗ് തുടങ്ങിയവയ്ക്ക് ഇത് ഗുണകരമാകും. സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ചെറുകമ്പനികളെ പിന്തുണയ്ക്കും

ചെറുകിട, ഇടത്തരം ഐ.ടി കമ്പനികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 20 മുതൽ 100 വരെ പേർക്ക് ജോലി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന് വലിയ ഡിമാൻഡുണ്ട്. ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിലെ ജ്യോതിർമയ മന്ദിരത്തിൽ ഇത്തരം കമ്പനികൾക്കാണ് സ്ഥലം അനുവദിച്ചത്. കോ ഡവലപ്പർമാർ വഴിയും കൂടുതൽ ഐ.ടി സ്ഥലം ലഭ്യമാക്കും.