പറവൂർ: സൈനിക സിലബസുള്ള ഇളന്തിക്കര ശ്രീശാരദ വിദ്യാമന്ദിർ സ്കൂളിന്റെ പേര് 'ജനറൽ ബിബിൻ റാവത്ത് സൈനിക സംസ്കൃതി സ്കൂൾ" എന്ന് പുനർനാമകരണം ചെയ്യുന്നു. മുൻ സംയുക്തസേനാ മേധാവി ജനറൽ ബിബിൻ റാവത്തിനോടുള്ള ആദരസൂചകമായാണിത്.

സ്കൂളിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് ഗാൽവൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മാരകമന്ദിരമായി സമർപ്പിക്കും.

നാമകരണവും മന്ദിരം സമർപ്പണവും ഇന്ന് രാവിലെ 11.30ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് നിർവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാഥിതിയാകും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, കോട്ടപ്പുറം രൂപതാ ബിഷപ്പ് ഫാ.ജോസഫ് കാരിക്കശേരി, പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, സ്കൂൾ ചെയർമാൻ കെ.കെ. അമരേന്ദ്രൻ, പ്രിൻസിപ്പൽ എൻ. ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിക്കും.