മൂവാറ്റുപുഴ:പ്രളയത്തിൽ സർവതും നഷ്ടമായ കുടുംബത്തിനു 40,000 രൂപ നഷ്ടപരിഹാരം നൽകാൻ ലോക് അദാലത്ത് ഉത്തരവ്. 10000 രൂപ മാത്രം അനുവദിച്ച സർക്കാർ നടപടി തള്ളിയാണ് അദാലത്ത് തീരുമാനം. വെള്ളൂർകുന്നം വൽമീകത്തിൽ

ബി.അമ്പിളിയുടെ പരാതിയിലാണ് ലോക് അദാലത്ത് ഉത്തരവ്. മൂവാറ്റുപുഴയാറിനു സമീപം അമ്പിളിയും കുടുംബവും താമസിക്കുന്ന വീട് 2018 പ്രളയത്തിൽ മുങ്ങിയിരുന്നു. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും അടക്കം വിലപ്പെട്ടതെല്ലാം ഒലിച്ചുപോയി. പുതുതായി പണിതുകൊണ്ടിരുന്ന വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ നഷ്ടപരിഹാരമായി ആദ്യം അനുവദിച്ച 10,000രൂപ മാത്രമാണ് അമ്പിളിക്കു ലഭിച്ചത്. നഷ്ടപരിഹാരം കണക്കാക്കുന്നതിനു പരിശോധനകൾ നടത്തിയെങ്കിലും അമ്പിളിയുടെ കുടുംബത്തിനു പണം അനുവദിച്ചില്ല. ഇതേ തുടർന്നു നഗരസഭയ്ക്കും കലക്ടർക്കും പരാതി നൽകി. പരിശോധനയ്ക്കെത്തിയപ്പോൾ ആവശ്യമായ രേഖകൾ കാണിക്കാത്തതിനാൽ നഷ്ടപരിഹാരം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. എന്നാൽ പരിശോധനയ്ക്കായി ആരും സമീപിച്ചിട്ടില്ലെന്നും രേഖകളുടെ ശരിപകർപ്പ് കാണിക്കാൻ വിമുഖത കാണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അമ്പിളി ലോക് അദാലത്തിൽ പരാതിപ്പെടുകയായിരുന്നു. അതേസമയം,

ലോക് അദാലത്ത് വിധി നടപ്പാക്കുന്നതിനു സർക്കാർ നിർദേശം ഇല്ലെന്നാണു നഗരസഭയുടെ വിശദീകരണം.

നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ നിയമ നടപടികൾ തുടരാനാണു അമ്പിളിയുടെ തീരുമാനം.