കൊച്ചി: കോർപ്പറേഷൻ പരിധിയിലെ 29 അങ്കണവാടികളിൽ സുരക്ഷിതമായ കളിസ്ഥലങ്ങൾ ഒരുങ്ങുന്നു. നഗരം ഹരിതാഭവും ശിശുസൗഹാർദ്ദവുമാക്കുന്നതിനു മുന്നോടിയായി കൊച്ചി കോർപ്പറേഷനും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ) വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുമായി (ഡബ്ല്യു.ആർ.ഐ ഇന്ത്യ) ഇന്നലെ ധാരണാപത്രം ഒപ്പുവച്ചു.

കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ സ്മാർട്ട് സിറ്റീസ് മിഷൻ, ബർണാഡ് വാൻ ലീർ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ നർച്ചറിംഗ് നെയ്ബർഹുഡ് ചലഞ്ചിന്റെ പത്ത് വിജയികളിൽ കൊച്ചി നഗരവും ഉൾപ്പെട്ടിരുന്നു. ഡബ്ല്യു.ആർ.ഐ ഇന്ത്യയാണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകിയത്. നഗരങ്ങളുടെ രൂപകല്പന, ആസൂത്രണം, മാനേജ്‌മെന്റ് എന്നിവ കുട്ടികൾക്കിണങ്ങുന്ന രീതിയിൽ പരിഷ്കരിക്കുകയാണ് ചലഞ്ചിന്റെ ലക്ഷ്യം. തിരഞ്ഞെടുത്ത മറ്റ് നഗരങ്ങൾക്കൊപ്പം കൊച്ചിയും ഇപ്പോൾ ചലഞ്ചിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്. രണ്ട് വർഷത്തിനുള്ളിൽ കൊച്ചിയിലെ വിവിധ പാർക്കുകളും പൊതുസ്ഥലങ്ങളും ശിശു സൗഹാർദ്ദ ഇടങ്ങളാക്കുകയാണ് ലക്ഷ്യം.

 അപൂർവ അവസരം

'ഒരു നഗരം രൂപകല്പന ചെയ്യുമ്പോൾ ഓരോ ഉപയോക്തൃ ഗ്രൂപ്പും, പ്രത്യേകിച്ച് കുട്ടികൾ അതിന്റെ ആസൂത്രണ പ്രക്രിയയിൽ പങ്കാളികളായിരിക്കണം, നഗരാസൂത്രണവുമായി ബന്ധപ്പെട്ട് സമഗ്രമായ സമീപനം സ്വീകരിക്കാനുള്ള അവസരമാണ് നർച്ചറിംഗ് നെയ്ബർഹുഡ് ചലഞ്ച് സമ്മാനിച്ചിരിക്കുന്നത്.

എം. അനിൽകുമാർ, മേയർ

 ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കും

ആരോഗ്യവും മിടുക്കുമുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഓരോ കുട്ടിക്കും അവരുടെ വീടുകളിൽ നിന്ന് നടന്നു ചെല്ലാവുന്ന ദൂരത്തിൽ വിനോദത്തിനുള്ള ഇടങ്ങൾ ഒരുക്കുക എന്ന വലിയ സ്വപ്നത്തിലേക്കുള്ള ചുവടുവയ്പാണിത്

എസ്. ഷാനവാസ്

സി.എസ്.എം.എൽ

സി.ഇ.ഒ

മേയർ എം. അനിൽകുമാറും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) സി.ഇ.ഒ എസ് ഷാനവാസും വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചപ്പോൾ