കൊച്ചി: നഗരത്തിലെ പണി പൂർത്തിയാകാത്ത ചില റോഡുകളിൽ മലിനജലം ഒഴുകിപ്പോകാൻ നിർമ്മിച്ച കുഴികൾ അപകടമുണ്ടാക്കുംവിധം തുറന്നു കിടക്കുന്നെന്ന മാദ്ധ്യമ വാർത്തയിൽ കൊച്ചി നഗരസഭയോടും കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡിനോടും ഹൈക്കോടതി വിശദീകരണം തേടി. വിഷയം ആഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി. നഗരത്തിലെ റോഡുകളിൽ വെള്ളം ഒഴുകിപ്പോകാനുള്ള ചെറു കുഴിൾക്കു മീതേ ഇരുമ്പഴികളുള്ള മൂടി സ്ഥാപിക്കാറുണ്ട്. എന്നാൽ നഗരത്തിലെ പണി പൂർത്തിയായ പല റോഡുകളിലും ഇരുമ്പഴി മൂടികൾ സ്ഥാപിച്ചിട്ടില്ല. ഇത് കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും അപകടത്തിലാക്കുമെന്ന ആശങ്ക രൂക്ഷമാണ്.

എബ്രഹാം മാടമാക്കൽ റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞ ഏപ്രിലിൽ വീട്ടമ്മയുടെ കാൽ ഒടിഞ്ഞിരുന്നു. സംഭവത്തെത്തുടർന്ന് മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെട്ടതോടെ കുഴിക്കു മുകളിൽ ഇരുമ്പഴി സ്ഥാപിച്ചു. എന്നാൽ നഗരത്തിലെ മറ്റു പലയിടത്തും കുഴികൾ തുറന്നു കിടക്കുകയാണ്.