
മൂവാറ്റുപുഴ: മനോനിലതെറ്റി നാടുവിട്ട് കേരളത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായി ക്യാറ്റ് റെസ്ക്യൂ ടീം. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊന്നും ഓർത്തെടുക്കാനാവാത്തവിധം മാനസികനില തകരാറിലായ യുവാവിനാണ് ക്യാറ്റ് റെസ്ക്യൂ ടീം അഭയം ഒരുക്കിയത്.
വ്യാഴാഴ്ച വൈകിട്ട് പായിപ്ര കവലയ്ക്കടുത്താണ് 35 വയസ് തോന്നിക്കുന്നയാളെ ക്യാറ്റ് റെസ്ക്യൂ ഓഫീസറായ എം. എസ്.നവാസ് കണ്ടത്.അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ക്യാറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് ക്യാറ്റ് ലെഫ്റ്റനന്റ് കമാൻഡർ നിതിൻ എസ്. നായരുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി. *ഇയ്യാൽ ഫിത്തർ* എന്ന പേരൊഴികെ യുവാവ് പറഞ്ഞ മറ്റുള്ള കാര്യങ്ങളെല്ലാം പരസ്പരവിരുദ്ധമായിരുന്നു. തുടർന്ന് ഭക്ഷണവും വെള്ളവും നൽകി യുവാവിനെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എസ്.ഐ ശാന്തിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയ്യാൽ
ഫിത്തർ യു.പി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. എട്ട് വർഷം മുമ്പ് കുടുംബവുമായി തെറ്റി നാടുവിട്ടതാണ്. മനോനിലതെറ്റി പല ദേശങ്ങളിലൂടെ സഞ്ചരിച്ചു. ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇദ്ദേഹത്തിനുണ്ടെങ്കിലും ആരുടെയും പേര് ഓർമയില്ല. തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ അറിയാനും വീട്ടിൽ വിവരം അറിയിക്കാനും പറ്റാത്ത സ്ഥിതിയാണ്. സ്റ്റേഷനിലെ പ്രാഥമിക നടപടികൾക്കുശേഷം പൊലീസിന്റെ സഹകരണത്തോടെ ക്യാറ്റ് റെസ്ക്യൂ ടീം ഇദ്ദേഹത്തേ പിറവം കക്കാട് ക്രിസ്തുരാജ പ്രേയർ സെന്ററിലേക്ക് മാറ്റി. കുടുംബത്തെ കണ്ടെത്തി ഇദ്ദേഹത്തെ സ്വന്തം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ക്യാറ്റ് റെസ്ക്യൂ ടീം അറിയിച്ചു. ക്യാറ്റ് രക്ഷാധികാരി കെ.വി.മനോജ്, റെസ്ക്യൂ ഓഫീസർമാരായ എം.ജെ.ഷാജി, പി.ആർ.രജിൻ, കെ. എസ്. അജീഷ്, എം.എസ്.സുധീഷ്, ആനന്ദ് രാജ്, എ.ജെ.വിഷ്ണു എന്നിവർ റെസ്ക്യൂ ടീമിലുണ്ടായിരുന്നു.