മട്ടാഞ്ചേരി: രാജ്യത്തെ എല്ലാവർക്കും സബ്സിഡി നിരക്കിൽ റേഷൻ നൽകണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ അടുത്ത മാസം രണ്ടിന് നടത്തുന്ന പാർല്മെന്റ് മാർച്ചിൽ കേരളത്തിൽ നിന്ന് അഞ്ഞൂറ് പേർ പങ്കെടുക്കും. ഓൾ ഇന്ത്യാ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. രാജ്യത്ത് ഭക്ഷ്യ ഭദ്രതാ നിയമം 2013-ൽ നടപ്പിലാക്കിയതോടെ നിയമത്തിൽ ഉൾപ്പെട്ട മുൻഗണനാ വിഭാഗമായ ( മഞ്ഞ, പിങ്ക്) കാർഡുകൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ സബ്സിഡിയോടെ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് 63 ശതമാനം കാർഡുകളും ഇതിന് പുറത്താണുള്ളത്. അതിനാൽ പശ്ചിമ ബംഗാൾ മാതൃകയിൽ എല്ലാവർക്കും സബ്സിഡി നിരക്കിൽ റേഷൻ നൽകുണമെന്നതാണ് പ്രധാന ആവശ്യം. ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങളുടെ അഭിരുചിക്കനുസരിച്ച് വിതരണം ചെയ്യണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ, ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.