കൊച്ചി: പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമപഞ്ചായത്ത് ഭരണസമിതിയടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അക്രമങ്ങളുണ്ടായാൽ പഞ്ചായത്ത് അംഗങ്ങൾക്ക് പൊലീസിന്റെ സഹായം തേടാമെന്നും ഈ മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് നടപടിയെടുക്കണമെന്നും ഹൈക്കോടതി. പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പൊലീസ് സംരക്ഷണംതേടി ജൂലി കെ. വർഗീസ് ഉൾപ്പെടെ ഏഴ് യു.ഡി.എഫ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.
ജൂലായ് ഏഴിനായിരുന്നു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൊലീസ് സംരക്ഷണം നൽകിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ സമാധാനപരമായി പൂർത്തിയാക്കിയെന്ന് കഴിഞ്ഞദിവസം ഹർജിക്കാർ വിശദീകരിച്ചു. തുടർന്നാണ് ഭാവിയിൽ പ്രശ്നങ്ങളുണ്ടായാൽ പൊലീസിന്റെ സഹായംതേടാനും പരാതിലഭിച്ചാൽ പൊലീസ് നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചത്. ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.