
കളമശേരി: മണ്മറയുന്ന കാർഷിക പാരമ്പര്യത്തെ തങ്ങളുടെ അദ്ധ്വാനവും അഭിരുചിയും സമയവും കൊണ്ട് തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് രാജഗിരി കോളേജിലെ ലൈബ്രറി സയൻസ് വിദ്യാർത്ഥികളും അദ്ധ്യാപകരും. പലകാരണങ്ങളാൽ ഇല്ലാതായികൊണ്ടിരിക്കുന്ന പൊക്കാളി കൃഷിയുടെ ഞാറ് നടലിന് കഴിഞ്ഞ ദിവസം നായരമ്പലത്തെ ജോണി വട്ടത്തറയുടെ പൊക്കാളി പാടം സാക്ഷിയായി.
അദ്ധ്യാപകരായ ഡോ. എ. ടി. ഫ്രാൻസിസ്, ഡോ. ജോഷി ജോർജ്, ഡോ. സൂസൻ മാത്യു, പ്രൊഫ. നീതു മോഹനൻ, ഡോ. ജോസഫ് ഐ. തോമസ്, പ്രൊഫ. നീത ദേവൻ സാബു, രാജഗിരി ഔട്ട്റീച് കോ- ഓർഡിനേറ്റർ രഞ്ജിത്ത് കെ. ഉദയഭാനു, വിദ്യാർത്ഥി പ്രധിനിധികളായ വിഷ്ണുദാസ് എ. വി., വിവേക് കെ. ആർ., അനഘ സി. എൻ., ജോബിൻ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്.
പരിസ്ഥിതി പ്രവർത്തകനും എൻജിനിയറുമായ മനോജ് കുമാറിന്റെ സാന്നിദ്ധ്യം വിദ്യാർത്ഥികൾക്ക് ആവേശം പകർന്നു. ഞാറു നടലിന് ശേഷം ഒക്ടോബറിൽ കൊയ്യാമെന്ന പ്രത്യാശയോടെ വിദ്യാർത്ഥികൾ തീരപ്രദേശത്തെ കണ്ടൽകാടുകൾ സന്ദർശിച്ച് കോളേജിലേക്ക് മടങ്ങി. നായരമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന, പരിസ്ഥിതി സംഘടനയായ ഗ്രാസ്റൂട്ടാണ് ഞാറു നടീൽ സംഘടിപ്പിച്ചത്.