തൃക്കാക്കര: അച്ചടി മേഖലയിലെ അടിസ്ഥാനവികസനത്തോടൊപ്പം മാനവിഭവശേഷിയും സാങ്കേതികമായി സജ്ജമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാക്കനാട്ടെ എറണാകുളം ഗവൺമെന്റ് പ്രസിൽ അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയ കമ്പ്യൂട്ടർ ടു മെഷീന്റെ (സി.ടി.പി മെഷീൻ) പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
72.86 ലക്ഷം രൂപ ചെലവിലാണ് പുതിയ യന്ത്രം സ്ഥാപിച്ചത്. അച്ചടി മേഖലയിലെ സാങ്കേതികവിദ്യ അനുദിനം മാറുന്നു. ഇതിനനുസൃതമായി സംസ്ഥാനത്തെ ഗവ.പ്രസുകൾ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ., തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, കൗൺസിലർ ഉണ്ണി കാക്കനാട്, അച്ചടിവകുപ്പ് ഡയറക്ടർ എ.ടി. ഷിബു, ഗവ.പ്രസുകളുടെ സൂപ്രണ്ട് ഇൻ-ചാർജ്ജ് ടി. വീരാൻ തുടങ്ങിയവർ സംസാരിച്ചു.
പ്രിന്റിംഗ് കൂടുതൽ സുഗമമാക്കുന്നതാണ് സി.ടി.പി മെഷീന്റെ പ്രവർത്തനം. ആധുനിക പ്രിന്റിംഗ് പ്രക്രിയകളിൽ ഉപയോഗിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണ് കമ്പ്യൂട്ടർ ടു പ്ലേറ്റ് (സി.ടി.പി). ഡി.ടി.പി ആപ്ലിക്കേഷനിൽ സൃഷ്ടിച്ച ചിത്രം പ്രിന്റിംഗ് പ്ലേറ്റിലേക്ക് നേരിട്ട് ഔട്ട്പുട്ട് എടുക്കാൻ സാധിക്കും. സി.ടി.പി മെഷീൻ വഴി നാലു നിറങ്ങൾ പ്രിന്റ് ചെയ്യാം.