പള്ളുരുത്തി:റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിൽ ഓഗസ്റ്റ് 8 വരെ നടക്കുന്ന ഏഴാമത് ചിൽഡ്രൻ ഒഫ് ഏഷ്യ ആൻഡ് ഇന്റർനാഷണൽ സ്പോർട്സ് ഗെയിംസിൽ കേരളത്തിൽ നിന്ന് നാല് പേർ ഇന്ത്യയെ പ്രതിനിധീകരിക്കും. അതിൽ മൂന്നുപേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നത് മറ്റൊരു സവിശേഷത. കേരള കുറാഷ് അസോസിയേഷനും ഇത് അഭിമാനകരമായ നേട്ടമായി.
ഇന്റർനാഷണൽ ത്രീ സ്റ്റാർ റഫറിയും കുറാഷ് അസോസിയേഷൻ ഒഫ് ഇന്ത്യ ടെക്നിക്കൽ ഡയറക്ടറുമായ രാജൻ വർഗീസാണ് റഷ്യയിൽ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. രാജൻ വർഗീസിന്റെ മകൾ റോവൻ മരിയ 44 കിലോ വിഭാഗത്തിൽ രാജ്യത്തിനായി പൊരുതാനിറങ്ങും. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് റോവൻ മരിയ.ഇന്ത്യൻ ടീം കോച്ച് തെസ്നി, രാജൻ വർഗീസിന്റെ ഭാര്യയാണ്.
ആൺകുട്ടികളുടെ 42 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന കാക്കനാട് നൈപുണ്യ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹ്സാദ് മുഹമ്മദാണ് മറ്റൊരു മലയാളി സാന്നിധ്യം.
രാജൻ വർഗീസിന്റെ ശിഷ്യനായ എം.ഇ.എസ്. കോളേജ് പ്രൊഫസർ കെ.ജി, ഹനീഫയുടെ മകനാണ് ഷഹ്സാദ്. 13 അംഗ ഇന്ത്യൻ സംഘത്തിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളുമുണ്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങൾ.ഇന്ത്യൻ ടീം 31ന് രാത്രി യാത്ര തിരിക്കും.