വൈപ്പിൻ: വൈപ്പിൻ ഫിഷ് ലാൻഡിംഗ് സെന്റർ പൂർണതോതിൽ ഉപയോഗക്ഷമമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറ‌ഞ്ഞു.

2.51കോടി രൂപക്ക് ഭരണാനുമതി ലഭിച്ച ഫിഷ് ലാൻഡിംഗ് സെന്ററാണിത്.

ഫിഷ് ലാൻഡിംഗ് സെന്ററിലേക്കുള്ള വഴി, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസീൽദാർ മുഖേന സ്വീകരിക്കുകയാണെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയ്ക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

ഫിഷ് ലാൻഡിംഗ് സെന്ററിലേക്കുള്ള വഴിക്കും പാർക്കിംഗ് ഏരിയയ്ക്കുമായി 12.5 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ഫിഷ് ലാൻഡിംഗ് സെന്റർ വികസനത്തിനായി ഭൂവുടമകൾ കൂടുതൽ സ്ഥലം വിട്ടുതരാൻ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറ‌ഞ്ഞു.

അധികമായി വിട്ടുകിട്ടുന്ന 8.5 സെന്റ് ഏറ്റെടുക്കുന്നതിന് തുടർനടപടികളായി. ഏറ്റെടുക്കലിനായി വില നിശ്ചയിച്ച് എസ്റ്റിമേറ്റ് സമർപ്പിച്ചു. ഭൂമി സംബന്ധമായ റിവൈസ്ഡ് സർവേ റെക്കാഡുകളുടെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. സ്ഥലമേറ്റെടുപ്പ് പൂർത്തിയായ ശേഷം ഫിഷ് ലാൻഡിംഗ് സെന്ററിലേക്കുള്ള റോഡ്, പാർക്കിംഗ് ഏരിയ, ഡ്രെയിനേജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.