11
തീ അണക്കുന്നു

തൃക്കാക്കര: സീപോർട്ട്- എയർപോർട്ട് റോഡിൽ സ്വകാര്യ കാർ ബോഡി വർക്ക്ഷോപ്പിൽ തീപിടിത്തം. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇന്നലെ രണ്ടരയോടെയായിരുന്നു സംഭവം.മലയാളം ടാറ്റാ മോട്ടോഴ്സിന്റെ ബോഡി വർക്ക്ഷോപ്പിന്റെ പെയിന്റിംഗ് ഡ്രയർ യൂണിറ്റിലാണ് തീപിടിച്ചത്. ഒരു കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃക്കാക്കര,ഗാന്ധിനഗർ,ഏലൂർ എന്നിവിടങ്ങളിൽ നിന്ന് നാല് ഫയർഫോഴ്സ് യൂണിറ്റുകൾ ഒരുമണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ അണച്ചത്.തൊട്ടടുത്ത യാർഡിൽ 100 ഓളം കാറുകൾ നിർത്തിയിട്ടിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ നഷ്ടം ഒഴിവായി.തൃക്കാക്കര അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.ആർ.ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ അബ്രഹാം പുന്നൂസ്, പോൾ ഷാജി ആന്റണി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.