
കൊച്ചി: എറണാകുളം അതിരൂപതയിലെ കൽദായ അധിനിവേശം ചെറുക്കാനും ജനാഭിമുഖ കുർബാന നിലനിറുത്താനും ആഗസ്റ്റ് 7ന് വൈകിട്ട് 3ന് കലൂർ സ്റ്റേഡിയത്തിൽ വിശ്വാസ സംരക്ഷണ മഹാസംഗമം സംഘടിപ്പിക്കും.
അൽമായ മുന്നേറ്റത്തിന്റെയും അതിരൂപത സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മഹാസംഗമത്തിന്റെ ജനറൽ കൺവീനറായി ഷിജോ കരുമത്തി, ജോയിന്റ് കൺവീനർമാരായി തങ്കച്ചൻ പേരയിൽ, ജോസഫ് ആന്റണി എന്നിവരെ തിരഞ്ഞെടുത്തു.
ജനാഭിമുഖ കുർബാന നിലനിറുത്തുക, ഭൂമി ഇടപാടിലെ വത്തിക്കാൻ നിർദേശം അനുസരിച്ചു റെസ്റ്റിട്യൂഷൻ നടപ്പാക്കുക, സിനഡ് മെത്രാന്മാർ വിശ്വാസികളെ കേൾക്കുക, ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന് നീതി ലഭ്യമാക്കുക എന്നിവ ഉന്നയിച്ചാണ് സംഗമം.
അതിരൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്ന് വിശ്വാസികളും വൈദികരും പങ്കെടുക്കുമെന്ന് മഹാസംഗമം കൺവീനർ ഷിജോ കരുമത്തിയും അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയനും അറിയിച്ചു.