നെടുമ്പാശേരി: വേതന വർദ്ധന ആവശ്യപ്പെട്ട് പണിമുടക്കി പ്രകടനം നടത്തിയ സ്വകാര്യ ബസ് തൊഴിലാളികളെ എസ്.ഐ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്നത് ചോദ്യം ചെയ്ത മുതിർന്ന സി.പി.എം നേതാവ് പി.ജെ. വർഗീസിനെ എസ്.ഐ കൈയേറ്റം ചെയ്‌തെന്ന് പരാതി. ചെങ്ങമനാട് എസ്.ഐ പി.ജെ. കുര്യാക്കോസിനെതിരെയാണ് സി.പി.എം രംഗത്തെത്തിയത്.
സി.ഐ.ടിയു യൂണിയൻ നേതാവും സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി അംഗവുമാണ് പി.ജെ. വർഗീസ്.
സംഭവമറിഞ്ഞെത്തിയ സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ. ഷിബു, ഐ.എൻ.ടി.യു.സി സംസ്ഥാനെ സെക്രട്ടറി പി.ടി. പോൾ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് എന്നിവരെ ചെങ്ങമനാട് പൊലീസ് സ്‌റ്റേഷനിലുള്ളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞെന്നും പരാതിയുണ്ട്. തുടർന്ന് നേതാക്കൾ സ്റ്റേഷനുമുന്നിൽ കുത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പ്രകടനമായെത്തിയ തൊഴിലാളികളെയും പൊലീസ് തടഞ്ഞു. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്നും തൊഴിലാളികൾക്കെതിരെ കേസുകളുണ്ടാകില്ലെന്നും ഉറപ്പുനൽകിയതോടെയാണ് സ്‌റ്റേഷന് മുന്നിലെ സമരം അവസാനിപ്പിച്ചത്.
തുടർന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെങ്ങമനാട് കുന്നുംപുറത്ത് പ്രകടനവും യോഗവും നടന്നു. സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ, ബി.എം.എസ് നേതാവ് വി.എ. സുഭാഷ്, പി.കെ. പോളി, സി.എ. ജോസ് എന്നിവർ സംസാരിച്ചു.