
കൊച്ചി: ഒറ്റ നോട്ടത്തിൽ ലോട്ടറിക്കച്ചവടം. എന്നാൽ പ്രധാനമായും നടക്കുന്നത് മദ്യവില്പന ! ദക്ഷിണ നാവിക ആസ്ഥാനത്തെ നേവൽ കാന്റീനിൽനിന്ന് കുറഞ്ഞനിരക്കിൽ മദ്യംവാങ്ങി കൂടിയ വിലയ്ക്ക് ചില്ലറയായും കുപ്പിയായും വില്പന നടത്തിവരികയായിരുന്ന ലോട്ടറി വില്പനക്കാരൻ ഒടുവിൽ എക്‌സൈസ് പിടിയിലായി. തേവര പണ്ഡിറ്റ് കറുപ്പൻ റോഡിൽ മാടശേരി വീട്ടിൽ രവീന്ദ്രനാണ് (63) പിടിയിലായത്. ഇയാളിൽനിന്ന് 18.500 ലിറ്റർ മുന്തിയഇനം വിദേശമദ്യം പിടിച്ചെടുത്തു. രവീന്ദ്രന് കാന്റീനിൽനിന്ന് മദ്യംനൽകി സഹായിച്ചിരുന്ന ആളെക്കുറിച്ച് വിവരം ലഭിച്ചുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് എക്‌സൈസ് അറിയിച്ചു.
തേവര ചാക്കോളാ ബസ് സ്റ്റോപ്പിന് സമീപത്തായാണ് രവീന്ദ്രന്റെ ലോട്ടറിവില്പനകേന്ദ്രം. രാവിലെ ആറുമുതൽ ഇവിടെ ചില്ലറ മദ്യവില്പന നടത്തിവരികയായിരുന്നു. രാത്രിയാണ് കുപ്പി ഇടപാട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശമദ്യത്തിന്റെ കാലിക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തെത്തുടർന്ന് ആവശ്യക്കാരെന്ന വ്യാജേനെ എത്തിയ എക്സൈസ് ഷാഡോ സംഘം രവീന്ദ്രനെ കൈയോടെ പിടികൂടുകയായിരുന്നു. എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ എസ്.സുരേഷ്‌കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, വനിതാ ഉദ്യോഗസ്ഥരായ കെ.എസ്. സൗമ്യ, എസ്. അനിമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.