accident
ഈസ്റ്റ് മാറാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ജോർജ് ജോസഫ് (വക്കച്ചൻ - 50)

മൂവാറ്റുപുഴ: എം.സി റോഡിൽ മൂവാറ്റുപുഴയ്ക്ക് സമീപം ഈസ്റ്റ് മാറാടിയിൽ ടിപ്പറും മിനിലോറിയും
കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. മിനി ലോറിയിലുണ്ടായിരുന്ന കോട്ടയം ഏറ്റുമാനൂർ മുട്ടിച്ചിറ കൊടുകപ്പിള്ളി (ചാർത്താവിൽ) ജോർജ് ജോസഫാണ് (വക്കച്ചൻ - 50) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ ഈസ്റ്റ് മാറാടി ഷാപ്പുംപടിയിലായിരുന്നു അപകടം.

കരാറുകാരനായ ജോർജ് ജോസഫ് ചാലക്കുടിയിൽനിന്ന് മേച്ചിൽ ഓടുകൾ വാങ്ങി മിനി ലോറിയിൽ തിരികെപ്പോരുകയായിരുന്നു. ഈസമയം മൂവാറ്റുപുഴ ഭാഗത്തേക്ക് സ്‌ക്രാപ്പുമായി പോയ ടിപ്പർ ലോറിയും മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. മൂവാറ്റുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉടനെ ജോർജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മുട്ടിച്ചിറ കൊല്ലപ്പിള്ളി ജോസിനും (63) ഗുരുതരമായി പരിക്കുണ്ട്. കാര്യമായ പരിക്കുകളില്ലാതെ ഡ്രൈവർ രക്ഷപ്പെട്ടു. ടിപ്പർ ലോറിയിലുണ്ടായിരുന്നവർക്കും ചെറിയ പരിക്കുണ്ട്. ജോർജിന്റെ ഭാര്യ: ചിപ്പി. മക്കൾ: ആരോൺ, ആൻമരിയ. മൂവരും വിദേശത്താണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.