grafiti

കൊച്ചി:കൊച്ചി മെട്രോ റെയിലിന്റെ മുട്ടം യാർഡിൽ അജ്ഞാതർ നുഴഞ്ഞുകയറി പമ്പയെന്ന ട്രെയിനിൽ ഭീഷണി സന്ദേശങ്ങൾ എഴുതും മുമ്പ് തന്നെ എറണാകുളം നഗരത്തിലെ മറ്റുചിലയിടങ്ങളിലും സന്ദേശങ്ങൾ എഴുതിയതായി കണ്ടെത്തി. മെട്രോയിലേതിന് സമാനമായി സ്പ്രെയറുകൾ ഉപയോഗിച്ചാണ് ഇവിടങ്ങളിലും എഴുത്ത്. എം.ജി റോഡിലെ മെട്രോ സ്റ്റേഷന് അരികിലെ വളപ്പിലെ ചുമരുകളിലും സമീപത്തെ കെട്ടിടത്തിലും കവിത തിയേറ്ററിനു സമീപം ഒരു കടയിലുമാണ് ലിഖിതങ്ങൾ കണ്ടെത്തിയത്.

എം.ജി റോഡിലെ മെട്രോ സ്റ്റേഷന് സമീപത്തെ വളപ്പിലെ മതിലുകളിൽ ഇംഗ്ളീഷി​ൽ ആര്യാ എന്ന് വടിവൊത്ത അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. ഒരു മതിലിൽ ആൾരൂപങ്ങൾക്ക് സമാനമായ ചിത്രവും മറ്റൊരു മതിലിൽ വലിയ സ്കെച്ചുമാണ് വരച്ചിരിക്കുന്നത്. എം.ജി.റോഡിലെ കെട്ടിടത്തിൽ എഫ്.ഐ.ആർ എന്നുമാത്രം എഴുതി അപൂർണമാക്കി നിറുത്തിയിയിരിക്കുന്നു. വലിയ പഴക്കമില്ലാത്ത എഴുത്തുകളാണിത്. ഈ എഴുത്തുകളെക്കുറി​ച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊച്ചി​ ബി​നാലെയുടെ ഭാഗമായി​ ഫോർട്ടുകൊച്ചി​യി​ലെ ചുമരുകളി​ലും മറ്റും നടത്തി​യ എഴുത്തുരീതി​കളെയും ഉപയോഗി​ച്ച വസ്തുക്കളെയും കുറി​ച്ച് പരി​ശോധനകൾ പുരോഗമിക്കുകയാണ്.

മേയ് 26ന് വൈകിട്ട് മൂന്നരയ്ക്കാണ് മുട്ടം യാർഡിന്റെ വളപ്പിൽകാനയിലൂടെ പാർക്കിംഗ് ഷെഡിൽ നുഴഞ്ഞുകയറിയ രണ്ടുപേർ രണ്ട് മണിക്കൂറോളം എടുത്ത് 'ബ്ളാസ്റ്റ്, ഫസ്റ്റ് ഹി​റ്റ് ഇൻ കൊച്ചി ​' എന്ന് വയലറ്റും പച്ചയും നി​റങ്ങളിലെ സ്‌പ്രേപെയി​ന്റ് കൊണ്ട് പമ്പ ട്രയിന്റെ മൂന്നു ബോഗി​കളിൽ എഴുതി​യത്. ​ തുടർന്ന് ഒന്നര മാസത്തോളം പമ്പ ട്രെയിൻ സർവീസ് നിർത്തിവച്ചിരുന്നു. ഈയിടെ സന്ദേശങ്ങൾ മായ്ച്ച് പേരിനു മാത്രം സർവീസിനിറക്കുന്നുണ്ട്. അതി​ക്രമി​ച്ച് കയറി​ പൊതുസ്വത്ത് നശിപ്പിച്ചതിന് അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കിയാണ് സ്റ്റേഷൻ ജാമ്യം കി​ട്ടുന്ന വകുപ്പി​ൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് കൊച്ചി മെട്രോ പൊലീസാണ്. കേരള പൊലീസി​ന്റെ തീവ്രവാദവി​രുദ്ധ സേനയും (എ.ടി​.എസ്) കേന്ദ്ര ഏജൻസി​കളും സംഭവം അന്വേഷി​ച്ചി​രുന്നു.

 എങ്ങുമെത്താതെ അന്വേഷണം

പൊലീസിനും കൊച്ചി മെട്രോയ്ക്കും നാണക്കേടായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി.അതിക്രമിച്ചു കയറിയവരുടെ വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചില്ല. പരിസരത്തെ സി.സി.ടി.വികളിലൊന്നും ഇവർ പതി​ഞ്ഞി​ട്ടുമില്ല. തൊട്ടടുത്ത ദി​വസങ്ങളിൽ ബംഗളൂരു, ചെന്നൈ മെട്രോകളി​ലും ചി​ലർ നുഴഞ്ഞുകയറി​ സമാനമായ എഴുത്തുകൾ നടത്തി​യതുമായി​ ബന്ധപ്പെട്ടാണ് ഇപ്പോൾ അന്വേഷണം. മൂന്നി​ടത്തും ഒരേ ഫോൺ​ നമ്പറുകൾ ഉണ്ടായി​രുന്നോ എന്നാണ് പരി​ശോധി​ക്കുന്നത്. ലക്ഷക്കണക്കി​ന് ഫോൺ​ നമ്പറുകൾ പരി​ശോധി​ച്ചുകഴി​ഞ്ഞു. പരി​ശോധന പൂർത്തി​യാകണമെങ്കി​ൽ ഇനി​യും കുറഞ്ഞത് ഒരു മാസമെങ്കി​ലും എടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചി​പ്പിക്കുന്നത്.

# സുരക്ഷ വർദ്ധി​പ്പി​ച്ചു

ഗുരുതര സുരക്ഷാ പി​ഴവുണ്ടായതി​നെ തുടർന്ന് മുട്ടം യാർഡിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നി​യോഗി​ച്ചു. ഉന്നതനി​ലവാരമുള്ള സി​.സി​.ടി​.വി​കൾ യാർഡി​ന്റെ വി​വി​ധഭാഗങ്ങളി​ൽ സ്ഥാപി​ച്ചു. പരി​ശോധനകളും കർക്കശനമാക്കി​യി​ട്ടുണ്ട്.മെട്രോയുടെ പൂർണ സുരക്ഷാ ചുമതലയുള്ള, കേരള പൊലീസി​ന്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്.ഐ.എസ്.എഫ്) കൊച്ചി മെട്രോ വരുത്തിയ 36 കോടി​യുടെ കുടി​ശി​ക സർക്കാർ ഒഴി​വാക്കി​യി​ട്ടുണ്ട്. കുടിശിക സംബന്ധിച്ച തർക്കത്തിന്റെ പേരി​ൽ എസ്.ഐ.എസ്.എഫ് പൊലീസുകാരെ പി​ൻവലി​ക്കുന്നതി​നി​ടെയാണ് ഭീഷണി​ സന്ദേശമെഴുത്ത് വി​വാദം സൃഷ്ടിച്ചത്.