
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പഴമയുടെ പ്രതീകമായി അവശേഷിക്കുന്ന കൊതിക്കല്ലിന് പറയാൻ ഒരു കഥയുണ്ട്. ടിപ്പു സുൽത്താനെ വിരട്ടിയോടിക്കാൻ ഒന്നിച്ചുനിന്ന രണ്ട് നാട്ടുരാജ്യങ്ങളുടെ കഥ. അത് ഇങ്ങനെ
ചരിത്രകഥ
നൂറ്റാണ്ടുകൾക്ക് മുമ്പ് കൊച്ചി നാട്ടുരാജ്യത്തെ കീഴടക്കാൻ ടിപ്പു പദ്ധതിയിട്ടു. വിവരമറിഞ്ഞ കൊച്ചി രാജാവ് തിരുവിതാംകൂറിന്റെ സഹായംതേടി. തിരുവിതാംകൂർ രാജാവ് കൊച്ചിക്ക് തുണനൽകി. ടിപ്പു ആലുവവരെ എത്തി മടങ്ങിപ്പോയത്രെ. ടിപ്പുവിന്റെ ആക്രമണത്തിൽനിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയ സന്തോഷത്തിൽ കൊച്ചി രാജാവ് വടക്കൻപറവൂർ തിരുവിതാംകൂറിന് ഉപഹാരമായി നൽകി. ഇത് സ്വീകരിച്ച തിരുവിതാംകൂർ രാജാവ് പകരം വടവുകോട് നൽകി. അങ്ങനെയാണ് വടവുകോട്ടിൽ കൊതിക്കല്ലുകൾ വരുന്നത്.
കൊതിക്കല്ല്
നാട്ടുരാജ്യങ്ങളുടെ കാലത്ത് അതിർത്തി രേഖപ്പെടുത്താൻ സ്ഥാപിക്കപ്പെട്ടിരുന്നതാണ് കൊതിക്കല്ലുകൾ. മൈൽക്കുറ്റിയുടെ ആകൃതിയിൽ നാലുവശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തിക്കല്ലുകളാണിത്. കൊച്ചിയെ സൂചിപ്പിച്ച് 'കൊ'എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് 'തി ' എന്നും കല്ലിന്റെ ഇരുവശത്തായും രേഖപ്പെടുത്തും. അങ്ങിനെ കൊതിക്കല്ലെന്ന് പേരുകിട്ടി. രണ്ട് നാട്ടുരാജ്യങ്ങൾക്കുമിടയിൽ സ്വതന്ത്രമായി അധികാരമില്ലാത്ത ആറടിപ്പാതകൾ ഉണ്ടായിരുന്നു. അവയുടെ മദ്ധ്യത്തിലാണ് കല്ലുകൾ സ്ഥാപിച്ചിരുന്നത്.
ചരിത്രത്തിൽ വടവുകോട്
പുത്തൻകുരിശ് പഞ്ചാത്തിലെ വടവുകോടായിരുന്നു ഇരുനാട്ടുരാജ്യങ്ങളുടെയും അതിർത്തി. ദേശീയപാതയ്ക്കരികിലെ വട്ടക്കുഴി പാലത്തിനു സമീപം തുടങ്ങി വടവുകോട് ഭജനമഠം റോഡരികിലുള്ള ചെറിയ തോടിനു സമീപമാണ് ആ അതിർത്തിയെന്നാണ് കരുതുന്നത്. അവിടെ ഇപ്പോഴും ചരിത്രത്തിന്റെ അവശേഷിപ്പായി കൊതിക്കല്ലുകളുണ്ട്. കൊച്ചിയുടെ ആംഗലേയ പദത്തിന്റെ ആദ്യ അക്ഷരം 'സി' ആണ് കല്ലിൽ കൊത്തിയിരിക്കുന്നത്.