 ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം

കൊച്ചി : കൊതുകുനാശിനികളുടെ ഗുണനിലവാരം ഉറപ്പു വരുത്താതെയാണു കോർപ്പറേഷൻ കൊതുകിനെതിരെ മരുന്നു തളിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2020– 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണു കൊതുകുനാശിനികൾ വാങ്ങിയതിലെ അപാകതകൾ ചൂണ്ടിക്കാട്ടുന്നത്. 2020 ഡിസംബർ വരെ യു.ഡി.എഫും പിന്നീട് എൽ.ഡി.എഫുമായിരുന്നു കോർപ്പറേഷൻ ഭരണത്തിൽ.

2019– 20 വർഷത്തിൽ സ്വകാര്യ കമ്പനി വഴി ലഭ്യമാക്കിയ കൊതുകുനാശിനി മാലത്തിയോണിന്റെ ബാരലുകളുടെ സീൽ നീക്കം ചെയ്ത് കാൽ ഭാഗത്തോളം ഉപയോഗിച്ച അവസ്ഥയിലായിരുന്നു. പരിശോധനയിൽ ഇതിനു മണമോ നിറമോ ഉണ്ടായിരുന്നില്ല. ഇതു പൂർണ തോതിൽ മാലത്തിയോണാണോയെന്നു സംശയം തോന്നിയതിനെ തുടർന്നു മടക്കി അയച്ചു.
2020 ജനുവരി 17ന് ഇതേ സ്ഥാപനം 150 ലീറ്റർ മാലത്തിയോൺ വീണ്ടും നൽകി. ഇതിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നു ഹെൽത്ത് ഓഫിസർ ഉത്തരവിറക്കിയെങ്കിലും അതു ചെയ്യാതെ തന്നെ ഉപയോഗിച്ചു. തുടർന്നുള്ള വർഷവും മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കാതെ ഇതേ കമ്പനിക്കു തന്നെ കരാർ നൽകി.

 കണക്കില്ലാതെ കൊവിഡ് ചെലവ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോർപ്പറേഷൻ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കാതെയും ഉത്തരവുകൾ വളച്ചൊടിച്ചും പണം ചെലവഴിച്ചു. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള ഏകോപനമില്ലായ്മയും പണം യഥേഷ്ടം ചെലവഴിക്കാനുള്ള വ്യഗ്രതയും കോർപ്പറേഷനിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉടനീളം കാണാനുണ്ട്. ചെലവു ചുരുക്കി നടത്തേണ്ട പല കാര്യങ്ങളിലും മുൻ യു.ഡി.എഫ് ഭരണസമിതി പണം യഥേഷ്ടം ചെലവഴിച്ചു. കിറ്റ് കൈപ്പറ്റിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭ്യമാക്കിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തി

കുടിവെള്ള വിതരണത്തിലും
ക്രമക്കേട്
കരാർ കാലാവധി അവസാനിച്ച ശേഷവും അതേ കരാറുകാരൻ ഒരു വർഷത്തോളം കോർപ്പറേഷനിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്തു. 2.32 കോടി രൂപ ഇക്കാലയളവിൽ കുടിവെള്ള വിതരണത്തിനായി കോർപ്പറേഷൻ നൽകുകയും ചെയ്തു. കരാറിന്റെ കാലാവധി 2020 ഡിസംബർ 28ന് അവസാനിച്ചതായിരുന്നു. എന്നാൽ തുടർന്നും 2022 ജനുവരി 2 വരെ അതേ കരാറുകാരൻ കുടിവെള്ളം വിതരണം ചെയ്തു. ടെൻഡർ വിളിച്ചു പുതിയ കരാറിൽ ഏർപ്പെടുകയോ, നിലവിലുള്ള കരാറുകാരനുമായി സപ്ലിമെന്ററി കരാർ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. കുടിവെള്ള വിതരണത്തിനായി സർക്കാർ ഉത്തരവു പ്രകാരം ചെലവഴിക്കാവുന്ന തുകയെക്കാൾ 1.75 കോടി രൂപ കൂടുതൽ ചെലവഴിച്ചു.