കൊച്ചി: ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗൃഹോപകരണ വസ്ത്ര നിർമ്മാണ രംഗത്തേയ്ക്കും ചുവടുവയ്ക്കുന്നു. 'ബോച്ചേ' ബ്രാൻഡിലാണ് ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂരും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും ചേർന്ന് ഉത്പന്നങ്ങൾ പുറത്തിറക്കും. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക രംഗത്തേയും കലാകായിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ആദ്യഘട്ടത്തിൽ 54ലധികം നോൺ സ്റ്റിക്ക് സ്റ്റീൽ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുക. ഓണത്തോടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വിവിധ ഷോറുമുകളിൽ ലഭ്യമാക്കും. 'ബോച്ചേ' മുണ്ടും ഷർട്ടുമുൾപ്പെടെ എല്ലാത്തരം വസ്ത്രങ്ങളും വിപണയിൽ എത്തിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ബംഗളൂരുവിലാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. തിരുപ്പൂരിലെ വസ്ത്രനിർമ്മാണ ഫാക്ടറി ഏറ്റെടുത്തു. തൃശൂർ പീച്ചിയിലാണ് ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നത്. 100 വനിതകൾക്ക് ഇതിനകം ജോലി നൽകാനായിട്ടുണ്ട്. 100 കോടി രൂപയാണ് നിക്ഷേപമെന്നും കയറ്റുമതി രംഗത്തേക്ക് ചുവടുവയ്ക്കുന്നതോടെ 500ഓളം പേർക്ക് നേരിട്ട് തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഓൺലൈനിലൂടെയും ഉത്പന്നങ്ങൾ വാങ്ങാം.