
ആലുവ: അശാസ്ത്രീയമായി ഭീമൻ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധമുയർന്നതിനെ തുടർന്ന് കിൻഫ്ര കുടിവെള്ള പദ്ധതി മുടങ്ങിയതോടെ എടയപ്പുറം റോഡിൽ ജനങ്ങൾക്ക് ദുരിതയാത്ര. പ്രശ്നത്തിൽ പരിഹരിക്കാതെ അധികാരികൾ മൗനത്തിലാണ്.
എടയപ്പുറം - കൊച്ചിൻ ബാങ്ക് റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണ്. മാത്രമല്ല, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ ജി.ഇ പൈപ്പുകൾ ഉരുണ്ട് റോഡിലേക്ക് വീഴുന്നത് കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീക്ഷണിയാണ്. തോട്ടുമുഖം മുതൽ കൊച്ചിൻ ബാങ്ക് വരെ 2.75 കിലോമീറ്റർ ദൂരത്തിലായി നൂറുകണക്കിന് പൈപ്പുകളാണ് റോഡിന്റെ ഇരുവശവുമായി ഇറക്കിയിട്ടുള്ളത്. ഉരുണ്ട് പോകാതിരിക്കാൻ ചെറിയ കല്ലുകളാണ് താങ്ങായി നൽകിയിട്ടുള്ളത്.
മാർച്ച് ആവസാനവാരത്തിലാണ് റോഡിൽ പൈപ്പുകൾ ഇറക്കിയത്. ഏപ്രിൽ ആദ്യം നിർമ്മാണം ആരംഭിച്ച് മേയ് അവസാനത്തോടെ പൈപ്പിടൽ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ഏപ്രിലിൽ നിർമ്മാണം തുടങ്ങി ഒരാഴ്ച്ച പിന്നിട്ടപ്പോഴാണ് പദ്ധതി അശാസ്ത്രീയമാണെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുന്നത്.
നേച്ചർ കവല വരെയാണ് പൈപ്പുകൾ സ്ഥാപിച്ചത്. മറ്റ് നിരവധി ഭാഗങ്ങളിൽ പൈപ്പുകളും മറ്റും ഉണ്ടോയെന്നറിയാൻ ജെ.സി.ബി ഉപയോഗിച്ചും കുത്തിപ്പൊളിച്ചു. ഇവിടങ്ങളിലെല്ലാം ഇപ്പോൾ മണ്ണിട്ട് മൂടിയിരിക്കുകയാണ്. മഴ പെയ്യുമ്പോൾ ഇവിടം ചെളിക്കുളമാണ്. എടയപ്പുറം റോഡിൽ ജനങ്ങൾക്ക് ഭീക്ഷണിയായ കൂറ്റൻ പൈപ്പുകൾ മാറ്റി, റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ് നേതാവ് പി.എ. മുജീബ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അനിശ്ചിതകാല സമരത്തിന് നേതൃത്വം നൽകും.
ലക്ഷ്യം കുടിവെള്ള
കച്ചവടമെന്ന് ആക്ഷേപം
പെരിയാറിൽ നിന്ന് വൻതോതിൽ ജലം ഊറ്റിയെടുത്ത് വ്യവസായിക അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിനുള്ള പദ്ധതിയാണെന്നും കുടിവെള്ള ക്ഷാമമുണ്ടാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു. ശാസ്ത്രീയ പഠനങ്ങളൊന്നുമില്ലാതെ, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പുകളെ അറിയിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇത് ദുരൂഹമാണെന്നും ആരോപിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണം തടഞ്ഞത്. ജനപ്രതിനിധികൾ ഉൾപ്പെടെ സർവ്വകക്ഷി യോഗം വിളിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാമെന്ന് ജില്ലാ കളക്ടർ സമ്മതിച്ചെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ നീണ്ടു.