കൊച്ചി: മാർഗനിർദ്ദേശങ്ങൾ പാലിച്ച് സ്ഥാപിച്ച കേരളാ വിഷന്റെയടക്കം കേബിളുകൾ മുറിച്ചുനീക്കുന്ന കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര നഗരസഭ, കെ.എസ്.ഇ.ബി എന്നിവയുടെ നടപടിക്കെതിരെ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. ഏതാനും ദിവസം മുമ്പ് തൃക്കാക്കരയിൽ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചതിന് പിന്നാലെയാണ് തദ്ദേശസ്ഥാപനങ്ങൾ താഴ്ന്നു കിടക്കുന്ന കേബിളുകൾ നീക്കിത്തുടങ്ങിയത്.
നിയമാനുസൃതം വലിച്ച കേബിളുകൾ മുറിക്കുന്നത് തുടർന്നാൽ സമരം ആരംഭിക്കുമെന്ന് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ പറഞ്ഞു.
തൃക്കാക്കരയിൽ യുവാവിന്റെ മരണത്തിന് കാരണമായ കേബിൾ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റേതാണ്. ഇവർക്ക് അറ്റകുറ്റപ്പണി വിഭാഗമില്ലെന്നാണ് അറിയുന്നത്. ഇത്തരക്കാരുടെ നിരുത്തരവാദപരമായ പ്രവൃത്തിക്ക് ഇരയാകുന്നത് സാധാരണക്കാരായ കേബിൾ ടിവി ഓപ്പറേറ്റർമാരാണ്. കേബിളുകൾ മുറിച്ചതിനാൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് സേവനം തടസപ്പെട്ടു. വിനോദ ചാനലുകളും ലഭ്യമല്ലാതെയായി. ചട്ടങ്ങൾ പാലിക്കുന്ന കേബിളുകൾ മുറിച്ചുമാറ്റുന്ന നടപടിയിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും കെ.വി.രാജൻ ആവശ്യപ്പെട്ടു.