t

തൃപ്പൂണിത്തുറ: ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികളുടെ പിടിച്ചു വച്ച എട്ടു ദിവസത്തെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കൊച്ചി റിഫൈനറി ഗേറ്റിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. മാർച്ച് മാസത്തിൽ നടത്തിയ പണിമുടക്കിനാണ് ജൂലായ് മാസത്തിൽ ശമ്പളം പിടിച്ചത്. പേയ്മെന്റ് ഒഫ് വേജസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് ശമ്പളം പിടിച്ചതെന്നാണ് മാനേജ്മെന്റ് കത്തിൽ പറയുന്നത്. പത്തോ അതിലധികമോ തൊഴിലാളികൾ നോട്ടീസ് നൽകാതെ പണിമുടക്കിയാൽ എട്ടു ദിവസം വരെ ശമ്പളം പിടിക്കാമെന്നുള്ളതാണ് നിയമത്തിലെ വ്യവസ്ഥ. എന്നാൽ 14 ദിവസം മുമ്പ് നോട്ടീസ് നൽകിയാണ് റിഫൈനറി തൊഴിലാളികൾ പണിമുടക്കിയത്.

ബി.പി.സി.എൽ മാനേജ്മെന്റ് എടുത്തിട്ടുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ഗതാഗതം നിശ്ചലമാക്കുന്ന സമര പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് പറഞ്ഞു. സംയുക്ത സമിതി ചെയർമാൻ പോൾസൺ പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ. മണിശങ്കർ, എൻ.കെ. ജോർജ്, എം.വൈ. കുരിയാച്ചൻ, എം.ജി. അജി എന്നിവർ സംസാരിച്ചു.