p

കൊച്ചി: പത്തനാപുരം ഫോറസ്റ്റ് റേഞ്ചിലെ വനത്തിൽ അതിക്രമിച്ചുകയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രമുഖ വ്ളോഗർ കിളിമാനൂർ സ്വദേശി അമല അനുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ആഗസ്റ്റ് ഒന്നിന് അമല അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. അറസ്റ്റ് ചെയ്താൽ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവും വ്യവസ്ഥചെയ്ത് വിട്ടയയ്ക്കണമെന്നും ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. ഇടക്കാലജാമ്യം ചോദ്യം ചെയ്യലിനോ അന്വേഷണത്തിനോ തടസമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ആഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും.

വനത്തിൽ അതിക്രമിച്ചുകയറി മൃഗങ്ങളെ ഉപദ്രവിച്ചെന്നാരോപിച്ച് കേരള വനനിയമത്തിലെയും വന്യജീവി സംരക്ഷണനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ വനത്തിൽ അതിക്രമിച്ച് കയറിയില്ലെന്നും റോഡ്സൈഡിൽനിന്ന് പകർത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് യൂട്യൂബിലിട്ടതാണെന്നും ഹർജിക്കാരി വാദിച്ചു. എന്നാൽ വനത്തിനുള്ളിൽ ഏഴുകിലോമീറ്റർ സഞ്ചരിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും മൃഗങ്ങളെ ഓടിക്കുകയും കെണിയിലാക്കാൻ ശ്രമിക്കുകയും ചെയ്തത് കുറ്റമാണെന്നും വനംവകുപ്പ് വിശദീകരിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച ഡ്രോൺ കാമറയടക്കം കണ്ടെടുക്കേണ്ടതുണ്ടെന്നും വനംവകുപ്പിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ഹർജിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നതടക്കമുള്ള വസ്തുതകൾ പരിഗണിച്ചാണ് ഇടക്കാല മുൻകൂർ ജാമ്യം നൽകിയത്.