മൂവാറ്റുപുഴ: ചോർന്നൊലിക്കുന്ന മേൽക്കൂര, തകർന്ന് വീഴാറായ ഭിത്തികൾ, അടച്ചുറപ്പില്ലാത്ത വാതിലുകൾ, ജനലുകൾ, പ്രാഥമികആവശ്യം നിർവ്വഹിക്കാനുള്ള സൗകര്യമില്ല ഇതായിരുന്നു വാളകം പഞ്ചായത്ത് രണ്ടാംവാർഡിൽ പാറപ്പുറത്ത് ജയകൃഷ്ണനും ഭാര്യ വസന്തിയും താമസിച്ചിരുന്ന വീടിന്റെ ദുരവസ്ഥ.
മേക്കടമ്പ് ആമ്പല്ലൂർ മഹാദേവക്ഷേത്രത്തിലെ കഴകക്കാരായിരുന്ന ഇരുവരും തങ്ങളുടെ ദൈന്യത മറ്റാരോടും പറയാതെ ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു. കഴിഞ്ഞവർഷം സെപ്തംബറിൽ യാദൃച്ഛികമായി ആമ്പല്ലൂർ മഹാദേക്ഷേത്ര പ്രസിഡന്റും ജില്ലാ സത്സംഘ പ്രമുഖുമായ വി. കെ അശോകൻ ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് സ്ഥിതി മനസിലാക്കിയത്. ഉടനെ അദ്ദേഹം വിവരം സേവാഭാരതി വാളകം പഞ്ചായത്ത് സെക്രട്ടറി സത്യദേവനെ അറിയിച്ചു. തുടർന്ന് സേവാഭാരതി പ്രവർത്തകർ നേരിട്ടെത്തി സ്ഥിതിവിലയിരുത്തിയശേഷം ജയകൃഷ്ണനെയും ഭാര്യയെയും അമ്പലത്തിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി താമസിപ്പിച്ചു. തുടർന്ന് വീട് പുനർനിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.
വാളകം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന സത്‌സംഗ ഫൗണ്ടേഷൻ പ്രസിഡന്റ് ടി.കെ. സുഭാഷിന്റെ നേതൃത്വത്തിൽ വീട് പുനർനിർമ്മാണ ഫണ്ടിന് ആവശ്യമായ തുക കണ്ടെത്തുകയും 9മാസം കൊണ്ട് മൂന്ന് മുറികളും അടുക്കളയും ശൗലാലയവും അടങ്ങുന്ന വീട് യാഥാർത്ഥ്യമാക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന ചടങ്ങിർ വീടിന്റെ താക്കോൽദാനം ഫാ.ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ നിർവ്വഹിക്കും. സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ സേവാ സന്ദേശം നൽകും.