boat

തോപ്പുംപടി: ഒന്നര മാസത്തെ ട്രോളിംഗ് നിരോധനത്തിനുശേഷം ബോട്ടുകൾ ഇന്ന് രാത്രി മുതൽ കടലിലേക്ക്. കടലമ്മ കനിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ.

സംസ്ഥാനത്ത് 3600 ബോട്ടുകളാണ് കടലിൽ ഇറങ്ങുന്നത്. കിളിമീൻ, ചാള, അയല, കണവ, ചെമ്മീൻ എന്നിവയുടെ ചാകര പ്രതീക്ഷിക്കുന്നു. കായലോരത്ത് ഒന്നര മാസമായി അടച്ചുപൂട്ടിയ ഇന്ധന പമ്പുകൾ ഇന്നു മുതൽ സജീവമാകും.വള്ളവും വലയും മറ്റും ഒരുക്കുന്നതിന്റെ തിരക്കിലാണ് തൊഴിലാളികൾ.ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണികൾ നടത്തി പല ബോട്ടുകളും ഇന്നലെ പുറത്തിറക്കി. മാസങ്ങൾക്കു മുൻപേ അന്യനാടുകളിലേക്ക് പോയ തൊഴിലാളികൾ തോപ്പുംപടി, മുനമ്പം, കാളമുക്ക് ഹാർബറുകളിൽ തിരിച്ചെത്തി. നിരോധന കാലത്ത് ചെറുമീനുകളെ വലിയ തോതിൽ പിടിച്ചതിനെതിരെ പ്രക്ഷോഭത്തിലാണ് തൊഴിലാളികൾ. നിരോധന കാലത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയ ചില ബോട്ടുകളെ കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും പിടികൂടിയിരുന്നു. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മീനുകൾ കൊച്ചിയിലെ മാർക്കറ്റുകളിൽ സുലഭമാകും.