
കൊച്ചി: അരയ്ക്ക് താഴെ തളർന്ന്, കാലുകൾ ശോഷിച്ച റമീസ് ആറുമാസത്തെ പരിശീലനം കൊണ്ട് ശരീര സൗന്ദര്യമത്സരത്തിൽ ചാമ്പ്യനായ കഥയാണിത്. അതറിയും മുമ്പ് മറ്റൊന്നറിയണം. ബി.കോമും വെബ് ഡെവലപ്മെന്റ് കോഴ്സും പാസായി ഇൻഫോ പാർക്കിലെ അമേരിക്കൻ കമ്പനിയിൽ അഞ്ചക്ക ശമ്പളം വാങ്ങുന്നുണ്ട് റമീസ്.
കഴിഞ്ഞ ജനുവരിയിൽ പി.എസ്.സി കോച്ചിംഗിന് ചേർന്നപ്പോൾ, കോച്ചിംഗ് സെന്ററിലെ പടികയറാൻ കാലുകൾക്ക് ബലം കിട്ടാനാണ് ജിമ്മിലെത്തിയത്. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഇക്കൊല്ലത്തെ മിസ്റ്റർ എറണാകുളവും മിസ്റ്റർ കേരളയിൽ മൂന്നാം സ്ഥാനവും കൊച്ചി ചളിക്കവട്ടത്തെ ഈ 26കാരന്റെ പേരിലാണ്. അടുത്ത വർഷം ദേശീയ-
അന്താരാഷ്ട്ര മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ ചിട്ടയായ പരിശീലനം തുടരുന്നു.
നട്ടെല്ലിനെ ബാധിക്കുന്ന സ്‌പൈന ബിഫിഡയാണ് റമീസിന്. 12 വയസു മുതലാണ് ഊന്നുവടിയുടെ സഹായത്തോടെ അല്പമെങ്കിലും നടന്നു തുടങ്ങിയത്. അമ്മ സുനിതയും അച്ഛൻ നിസാറും ചുമലിലേറ്റി സ്കൂളിലെത്തിച്ചു. മുച്ചക്ര സൈക്കിളോടിച്ച് സ്വയം കോളേജിലെത്തി. മോട്ടോർ ഘടിപ്പിച്ച മുച്ചക്ര വാഹനത്തിൽ ഇൻഫോപാർക്കിൽ ജോലിക്ക് പോകുന്നു.
ബോഡി ക്രാഫ്റ്റ് ജിമ്മിലെ ആശാൻ ജിന്റോ പൂർണ മനസ്സോടെ റമീസിന്റെ പരിശീലനം ഏറ്റെടുക്കുകയായിരുന്നു. മൂത്ത സഹോദരനേപ്പോലെ ഒപ്പം നിന്നു. ആശാനെ വിസ്മയിപ്പിക്കും വേഗത്തിൽ ശിഷ്യൻ വ്യായാമ മുറകൾ പഠിച്ചെടുത്തു. ലെഗ്പ്രസ്, ലാറ്റ്പുള്ളി, ചിൻഅപ്പ്, ചെസ്റ്റ് വർക്കൗട്ട്, ഡെൽറ്റ് ഷോൾഡർ... എല്ലാം അനായസം ചെയ്യും.
കഴിഞ്ഞ മാർച്ചിൽ എൻ.പി.സി നടത്തിയ ബോഡിബിൽഡിംഗ് മത്സരത്തേക്കുറിച്ച് സമൂഹമാദ്ധ്യമത്തിലൂടെ അറിഞ്ഞ റമീസ് വീട്ടുകാരോട് പറയാതെ പങ്കെടുത്തു. ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽ വിജയകിരീടം ചൂടി ഏവരെയും ഞെട്ടിച്ചാണ് തുടക്കം.
റമീസ് കോച്ചുമാണ്
പഠിച്ചതൊക്കെ തന്നെപ്പോലെ അംഗപരിമിതിയുള്ളവരെ പരിശീലിപ്പിച്ച് അവരുടെയും കോൺഫിഡൻസ് ലെവൽ ഉയർത്താനുള്ള ശ്രമത്തിലാണ് റമീസ്. സ്‌കിൽ ഇന്ത്യ സർട്ടിഫൈഡ് ബോഡി ബിൽഡിംഗ് കോഴ്സ് പാസായി. കേന്ദ്ര സർക്കാർ അംഗീകാരമുണ്ടിതിന്. ജിമ്മിലെത്തുന്ന പുതിയ അംഗങ്ങളെയും റമീസ് പരിശീലിപ്പിക്കുന്നുണ്ട്. സ്വന്തമായൊരു ജിമ്മാണ് ലക്ഷ്യം. സഹോദരങ്ങളായ റിയാനും റഹാനും പിന്തുണച്ച് ഒപ്പമുണ്ട്.
ഇനിയും ഒരുപാട് വിജയങ്ങൾ സ്വന്തമാക്കണം. നല്ലൊരു സർക്കാർ ജോലിയും വേണം. അതൊക്കെ നേടുക തന്നെ ചെയ്യും.
റമീസ്