കൊച്ചി: സഹകരണ മേഖലയ്ക്കെതിരെ ഉയരുന്ന എല്ലാത്തരം ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കാക്കനാട് കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ ബാങ്കിന്റെ 100 ദിന കർമ്മപദ്ധതി 'മിഷൻ 100 ഡേയ്‌സ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ആറ് ശതമാനത്തിൽ താഴെ നിലനിർത്താനുള്ള പരിശ്രമമാണ് നടത്തിവരുന്നത്. നിഷ്‌ക്രിയ ആസ്തിയിൽ നിന്ന് 600 കോടിരൂപ 100 ദിവസത്തിനുള്ളിൽ പിരിച്ചെടുക്കുവാനുള്ള ദൗത്യമാണ് മിഷൻ 100 ഡേയ്‌സിലൂടെ ലക്ഷ്യമിടുന്നത്. കേരള ബാങ്കിന്റെ 'ബി ദ നമ്പർ വൺ' കാമ്പയിനിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം നിഷ്‌ക്രിയ ആസ്തി വലിയ തോതിൽ കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാൽ വായ്പാ വിതരണത്തിൽ കൂടി മുന്നേറ്റം ഉണ്ടാക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. മിഷൻ 100 ഡേയ്‌സ് കർമ്മ പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. മിഷൻ 100 ഡേയ്‌സ് കർമ്മപദ്ധതി പ്രകാരം കുടിശിക ഒഴിവാക്കിയ ആദ്യ വായ്പക്കാരനിൽ നിന്നും സഹകരണസംഘം രജിസ്ട്രാർ അലക്‌സ് വർഗീസ് തുക ഏറ്റുവാങ്ങി. കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, റീജിയണൽ ജനറൽ മാനേജർ ജോളി ജോൺ, ജനറൽ മാനേജർ ഡോ.എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.