കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്കും സ്കൂൾ കുട്ടികൾക്കും ആവശ്യാനുസരണം വീര്യംകൂടിയ എം.ഡി.എം.എയും കഞ്ചാവും എത്തിച്ചുനൽകുന്ന വിദ്യാർത്ഥിനിയുൾപ്പെട്ട അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്മാൻ (23), സിറാജ്.സി.പി (24), എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റ്യൻ (23), തൃശൂർ സ്വദേശി അൽത്താഫ് (24) എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. ഇവർ താമസിച്ചിരുന്ന കറുകപ്പള്ളിയിലെ ലോഡ്ജിൽനിന്ന് 0.34 ഗ്രാം എം.ഡി.എം.എ, 155 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ബംഗളൂരുവിൽനിന്നാണ് ഇവർ എം.ഡി.എം.എ എത്തിച്ചിരുന്നത്. പ്രതികൾക്ക് ലഹരിമരുന്ന് കൈമാറിയിരുന്നവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബർ എന്ന ഇവരുടെ സുഹൃത്തിനെ കഴിഞ്ഞദിവസം സി.ഐ.എസ്.എഫ് പിടികൂടി ഹാർബർ പൊലീസിന് കൈമാറിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് യുവതിയുൾപ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. നർക്കോട്ടിക് സെൽ അസി. കമ്മിഷണറുടെ നേത്വത്തിൽ സിറ്റി ഡാൻസാഫും, എളമക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

വീട്ടിലെത്തി ഉപയോഗിക്കാനായാണ് അക്ബർ കഞ്ചാവ് ബാഗിൽ ഒളിപ്പിച്ച് ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചത്. എന്നാൽ സി.ഐ.എസ്.എഫിന്റെ പരിശോധനയിൽ ബാഗിൽനിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഹാർബർ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഡാൻസാഫ് സംഘം കേസിൽ തുടരന്വേഷണം നടത്തുകയായിരുന്നു. യുവതിയുൾപ്പെടെ അഞ്ചുപേരെ പിന്നീട് ജ്യാമത്തിൽ വിട്ടയച്ചു.