
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആർച്ചുബിഷപ്പ് ഡോ. ആൻഡ്രൂസ് താഴത്തിനെ നിയമിച്ചു. ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിസ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷൻ കർദിനാൾ ലെയണാർദോ സാന്ദ്രിയാണ് ഉത്തരവിറക്കിയത്.
തൃശൂർ അതിരൂപതയുടെ മെത്രാപ്പൊലീത്തൻ ആർച്ചുബിഷപ്പിന്റെ സ്ഥാനത്ത് തുടർന്നാകും 71 കാരനായ മാർ ആൻഡ്രൂസ് താഴത്ത് പുതിയ ചുമതല നിർവഹിക്കുക.
സഭാ തർക്കത്തിന്റെ തുടർച്ചയായി വത്തിക്കാൻ പ്രതിനിധി ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തി നടത്തിയ ചർച്ചകൾക്കിടെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ സ്ഥാനം രാജിവച്ചകത്ത് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ കൈമാറിയത്.
ഭൂമി ഇടപാട് വിവാദത്തെത്തുടർന്ന് അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതലകളിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി മാറിയപ്പോഴാണ് ആർച്ച് ബിഷപ്പായിരുന്ന ആന്റണി കരിയിലിനെ അതിരൂപതയുടെ ഭരണച്ചുമതലയുളള മെത്രാപ്പൊലീത്തൻ വികാരിയായി നിയമിച്ചത്. കുർബാന ഏകീകരണത്തിന്റെ പേരിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരും വിശ്വാസികളും സഭാനേതൃത്വത്തിനെതിരെ രംഗത്തിറങ്ങിയപ്പോൾ അവർക്കൊപ്പമായിരുന്നു ആന്റണി കരിയിൽ.
വത്തിക്കാൻ നിർദ്ദേശിച്ച ഏകീകൃത കുർബാനക്രമം നടപ്പാക്കാത്തതും സഭയുടെ 35 രൂപതകളിൽ വത്തിക്കാന്റെയും സിനഡിന്റെയും നിലപാടുകളെ ചോദ്യംചെയ്യുന്നതും എറണാകുളം-അങ്കമാലി രൂപത മാത്രമാണ്.
പ്രശ്‌നങ്ങൾ അധികാര ധാർഷ്ട്യം
കൊണ്ടല്ല പരിഹരിക്കേണ്ടത്
സഭയിലെ പ്രശ്നങ്ങൾ അധികാര ധാർഷ്ട്യം കൊണ്ടല്ല പരിഹരിക്കേണ്ടതെന്ന് അല്മായ സംരക്ഷണസമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പ്രസ്താവനയിൽ പറഞ്ഞു. പുതിയ സാഹചര്യം വിലയിരുത്താൻ വൈദികരുടെയും അല്മായരുടെയും സംയുക്ത യോഗം ഉടനെ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
മാർപാപ്പയുടെ നിയമനത്തെ ഞങ്ങൾക്ക് അംഗീകരിക്കാതെ പറ്റില്ല. ദൈവജനത്തോട് ഒപ്പം നടന്ന ആർച്ചുബിഷപ് ആന്റണി കരിയിലിനെ നിർബന്ധിച്ച് രാജിവയ്പ്പിച്ചത് ദുരുദ്ദേശ്യപരമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ ആശയങ്ങൾക്ക് വിരുദ്ധമായാണ് സീറോ മലബാർ സഭയിൽ കാര്യങ്ങൾ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.