വൈപ്പിൻ: മത്സ്യത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിടുന്ന 'അറിവ്' പരിപാടിക്ക് വൈപ്പിൻ മണ്ഡലത്തിൽ നാളെ തുടക്കമാകും. ആറ് തീര പഞ്ചായത്തുകളിലും നടക്കുന്ന 'അറിവ്' ക്യാമ്പിൽ 200 മത്സ്യത്തൊഴിലാളികൾ വീതം പങ്കെടുക്കും.
ആധുനിക മത്സ്യബന്ധന രീതികൾ, മത്സ്യബന്ധനോപകരണങ്ങൾ കൈകാര്യം ചെയ്യൽ, മത്സ്യ സംഭരണം, കടൽ സുരക്ഷ, നിയമവശങ്ങൾ, വിവിധ ആനുകൂല്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ഫിഷറീസ്, ക്ഷേമനിധി ബോർഡ്, സാഫ്, മത്സ്യഫെഡ് എന്നിവ മുഖേനയുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ച് 'അറിവ്' ക്യാമ്പുകളിൽ ബോധവത്കരണം നൽകും.
മണ്ഡലത്തിലെ ആദ്യ അറിവ് ക്യാമ്പ് നാളെ രാവിലെ പത്തിന് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് ആഗസ്റ്റ് രണ്ടിന് ഞാറക്കലിലും ബുധനാഴ്ച നായരമ്പലത്തും ക്യാമ്പുകൾ നടക്കും. എടവനക്കാടും കുഴുപ്പിള്ളിയിലും നാലിന് ക്യാമ്പ് നടക്കും. അഞ്ചിനാണ് പള്ളിപ്പുറത്ത് ക്യാമ്പ്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മത്സ്യഭവൻ ഓഫീസർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പൊലീസ്എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ ക്യാമ്പിൽ പങ്കെടുക്കുമെന്നും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പറഞ്ഞു.
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'അറിവ്' ബോധവത്കരണം. ജില്ലയിൽ അറിവ് ക്യാമ്പ് സംഘടിപ്പിക്കുന്ന എട്ട് കേന്ദ്രങ്ങളിൽ ആറും വൈപ്പിനിലാണ്.